ഞെട്ടിച്ച് മാവീരന്‍; രണ്ട് ദിവസം കൊണ്ട് നേടിയത്
Entertainment news
ഞെട്ടിച്ച് മാവീരന്‍; രണ്ട് ദിവസം കൊണ്ട് നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th July 2023, 7:10 pm

ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ മാവീരന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മഡോണി അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ദിനം ലഭിച്ചത്. മഡോണി അശ്വിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ട് ദിനത്തിലെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം മാവീരന്‍ 7.61 കോടിയാണ് ആദ്യ ദിനം നേടിയതയെന്നും എന്നാല്‍ രണ്ടാം ദിവസം ചിത്രത്തിന് 9.34 കോടി രൂപ നേടാനായി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകമെമ്പാടും നിന്നുള്ള കളക്ഷന്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ 25 കോടി കളക്ഷനിലേക്ക് ചിത്രം എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മിനിമം ഗ്യാരന്റിയുള്ള നടനായി തമിഴ്‌നാട്ടില്‍ ശിവകാര്‍ത്തികേയന്‍ മാറിയതിന്റെ സൂചന തന്നെയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്നത്.
സ്‌പെഷ്യല്‍ ഷോകളോ ഫാന്‍സ് ഷോകളോ ഇല്ലാതെ തുടങ്ങിയിട്ടും ആദ്യ പ്രദര്‍ശനങ്ങളിലെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ഗുണകരമായത്.

ശിവകാര്‍ത്തികേയന്‍ സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റുളള ചിത്രമാണ് മാവീരന്‍. ഫാന്റസി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അദിതി ശങ്കര്‍, മിഷ്‌കിന്‍, യോഗി ബാബു, സരിത, സുനില്‍, മോനിഷ ബ്ലെസ്സി എന്നിവരാണ് മാവീരനില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സംവിധായകന്‍ മിഷ്‌കിനാണ് സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാര്‍ത്തികേയന്‍ സ്വന്തം ബാനറില്‍ നിര്‍മിച്ച ചിത്രം തമിഴ്‌നാട്ടില്‍ വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
വിധു അയ്യണ്ണയാണ് മാവീരന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

അയലാന്‍ എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആര്‍. രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമായിട്ടാണ് അയലാന്‍ പ്രദര്‍ശനത്തിന് എത്തുക.

Content Highlight: Sivakarthikeyan’s Maveerans two day box office collection is out now