'കരിക്ക് ഉണക്ക തേങ്ങ ആയി'; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങി കരിക്കിന്റെ പുതിയ സീരീസ്
Entertainment news
'കരിക്ക് ഉണക്ക തേങ്ങ ആയി'; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങി കരിക്കിന്റെ പുതിയ സീരീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th July 2023, 6:52 pm

മലയാളികളെ ഒന്നടങ്കം ചിരിപ്പിച്ച് യൂട്യൂബില്‍ പുതിയ പാതവെട്ടിതെളിച്ചവരായിരുന്നു കരിക്ക്. തേരാ പാര എന്ന ഒറ്റ സീരീസ് കൊണ്ട് തന്നെ കരിക്കിന് മലയാളികളുടെ ഇടയില്‍ വന്‍ ജനപ്രീതി തന്നെ ലഭിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ കരിക്കിന്റെ ഏറ്റവും പുതിയ സീരീസായ പ്രിയപ്പെട്ടവന്‍ പിയൂഷിന് ശക്തമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

കരിക്കിന്റെ മറ്റെല്ലാ സീരിസുകളെ പോലെ തന്നെ പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ പ്രിയപ്പെട്ടവന്‍ പിയൂഷ് മുന്നിട്ട് നില്‍ക്കുന്നുവെങ്കിലും വെബ്‌സീരീസിന്റെ കഥയെ കുറിച്ചാണ് പ്രേക്ഷകരിപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

പ്രിയപ്പെട്ടവന്‍ പിയൂഷിന്റെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ജൂണ്‍ 30 നായിരുന്നു റിലീസ് ചെയ്തത്. ഏറെ കാലം കാത്തിരുന്ന ശേഷം റിലീസായ സീരീസ് ആയിരുന്നിട്ടും പ്രേക്ഷകര്‍ക്ക് സീരീസ് കണക്റ്റ് ആയില്ല എന്നാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

എപ്പിസോഡുകളുടെ യൂട്യൂബ് കമന്റ് ബോക്‌സിലും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നവരും ഏറെയാണ്.


നിരവധി കോമഡി സീരീസുകള്‍ ചെയ്ത കരിക്കിന് ഇപ്പോള്‍ എന്ത് പറ്റിയെന്നും വളരെ സീരിയസായ കണ്ടന്റില്‍ മാത്രമാണ് ഇപ്പോള്‍ കരിക്ക് ശ്രദ്ധ കൊടുക്കുന്നതെന്നും ഇത് മാറ്റി വെച്ച് കരിക്ക് കോമഡി ട്രാക്കില്‍ തന്നെ തിരികെ വരണമെന്നും നിരവധി പേര്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ കരിക്കില്‍ നിന്ന് പുറത്തുവന്ന പുതിയ സീരീസിന് ട്രോളുകളും ലഭിക്കുന്നുണ്ട്.

‘കരിക്ക് ഉണക്ക തേങ്ങയായി മാറി’ എന്നാണ് ചിലര്‍ ട്രോളുന്നത്.

പിയൂഷ് എന്ന ചെറുപ്പക്കാരന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള കഥായാണ് പ്രിയപ്പെട്ട പിയൂഷ് പറയുന്നത്. ജീവന്‍ സ്റ്റീഫനാണ് പിയൂഷ് എന്ന യുവാവായി അഭിനയിക്കുന്നത്.

ബിനോയ് ജോണ്‍ സംവിധാനം ചെയ്ത് കൃഷ്ണന്‍ ചന്ദ്രന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത് എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച ഓ.കെ തേങ്ക്‌സ് ആണ് ഇതിന് മുമ്പ് പുറത്തുവന്ന കരിക്കിന്റെ സീരീസ്.

Content Highlight: Karikku new webseries Priyapettavan Piyush gets criticism and trolls on social media