ഷാരൂഖിനെക്കാള്‍ വലിയ ഹോള്‍ഡാണല്ലോ, റിലീസിന് ഒരു മാസത്തോളം ബാക്കിയുള്ളപ്പോള്‍ ഇന്ത്യക്ക് പുറത്ത് 300ലധികം ഫാന്‍സ് ഷോ ചാര്‍ട്ട് ചെയ്ത് സിതാരേ സമീന്‍ പര്‍
Entertainment
ഷാരൂഖിനെക്കാള്‍ വലിയ ഹോള്‍ഡാണല്ലോ, റിലീസിന് ഒരു മാസത്തോളം ബാക്കിയുള്ളപ്പോള്‍ ഇന്ത്യക്ക് പുറത്ത് 300ലധികം ഫാന്‍സ് ഷോ ചാര്‍ട്ട് ചെയ്ത് സിതാരേ സമീന്‍ പര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd May 2025, 3:59 pm

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിതാരേ സമീന്‍ പര്‍. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആമിര്‍ ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് ഇത്. സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കായാണ് സിതാരേ സമീന്‍ പര്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ഇപ്പോഴിതാ റിലീസിന് ഒരു മാസത്തോളം ബാക്കിയുള്ളപ്പോള്‍ ഓവര്‍സീസില്‍ മാത്രം 340 ഫാന്‍സ് ഷോ സിതാരേ സമീന്‍ പറിനായി ചാര്‍ട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മള്‍ട്ടിപ്ലെക്‌സ് ഭീമന്മാരായ പി.വി.ആര്‍- ഐനോക്‌സാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. വിദേശത്തെ പല റിലീസ് സെന്ററുകളിലും ചിത്രത്തിന്റെ ഫാന്‍സ് ഷോ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് താരങ്ങളില്‍ ഓവര്‍സീസില്‍ ഏറ്റവുമധികം പിന്തുണയുള്ള നടനെന്ന് പലരും ഉയര്‍ത്തിക്കാട്ടുന്നത് ഷാരൂഖ് ഖാനെയാണ്. എന്നാല്‍ ഷാരൂഖിന്റെ സിനിമകള്‍ക്ക് പോലുമില്ലാത്ത ക്രേസാണ് വെറുമൊരു ഫീല്‍ഗുഡ് ചിത്രം കൊണ്ട് ആമിര്‍ സൃഷ്ടിച്ചത്. താരത്തിന്റെ മികച്ച തിരിച്ചുവരവാകും സിതാരേ സമീന്‍ പര്‍ എന്നാണ് പലരും കരുതുന്നത്.

റിലീസ് സമയമാകുമ്പോഴേക്ക് ചിത്രത്തിന്റേതായി 1000നടുത്ത് ഫാന്‍സ് ഷോ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ഇന്ത്യന്‍ സിനിമക്ക് ഓവര്‍സീസില്‍ ലഭിക്കാവുന്നതില്‍ വെച്ച് മികച്ച വരവേല്പാകും സിതാരേ സമീന്‍ പറിന് ലഭിക്കുക. ആമിര്‍ ഖാന്റെ ഏറ്റവും സ്‌ട്രോങ് ഏരിയയായ ചൈനയിലും ചിത്രം റിലീസിനെത്തുന്നുണ്ട്.

എന്നാല്‍ ആമിര്‍ ഖാന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. 250 കോടി ബജറ്റിലെത്തിയ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ലാല്‍ സിങ് ഛദ്ദ ശരാശരിയിലൊതുങ്ങി. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെയാണ് ആമിര്‍ ഖാന്‍ രണ്ടുവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്നത്.

ആര്‍.എസ്. പ്രസന്നയാണ് സിതാരേ സമീന്‍ പര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റേതാണ് നിര്‍മാണം. ജെനീലിയ ദേശ്മുഖും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശങ്കര്‍-എഹ്സാന്‍- ലോയ് കോമ്പോയുടേതാണ് സംഗീതം. രണ്ട് വര്‍ഷത്തിന് ശേഷമുള്ള ആമിര്‍ ഖാന്റെ വരവ് മികച്ച ചിത്രവുമായാകും എന്നാണ് സിനിമാലോകം കരുതുന്നത്.

Content Highlight: Sitaare Zameen Par movie charted 300 plus fans shows in Overseas