രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആമിര്‍ ഖാന്‍ ചിത്രമാണ് സിതാരേ സമീന്‍ പര്‍. ആര്‍. എസ്. പ്രസന്ന സംവിധാനം ചെയ്ത ചിത്രം സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കായാണ് ഒരുങ്ങിയത്. 2018ല്‍ പുറത്തിറങ്ങിയ ചാമ്പ്യന്‍സ് സാമ്പത്തികപരമായി വലിയ വിജയം സ്വന്തമാക്കിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷയായി 90 ദിവസത്തേക്ക് സാമൂഹ്യ സേവനം ചെയ്യേണ്ടിവരുന്ന ഒരു ബാസ്‌കറ്റ് ബോള്‍ കോച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്.
ജൂണ്‍ 20നായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ 200 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് സിതാരേ സമീന്‍ പര്‍. ആദ്യ ദിവസം തന്നെ പത്ത് കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയാണ് സിതാരേ സമീന്‍ പര്‍ ജൈത്രയാത്ര തുടര്‍ന്നത്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനകം 100 കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തിരുന്നു. ഇതോടെ ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ കയറുന്ന ആറാമത്തെ ബോളിവുഡ് ചിത്രമായി ഇത് മാറി. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം 100 കോടി ക്ലബ്ബില്‍ കയറുന്ന ആമിര്‍ ഖാന്‍ ചിത്രമാണ് സിതാരേ സമീന്‍ പര്‍.