'നിനക്ക് ഒന്ന് മതിയായില്ലേടീ' എന്ന് അവരെന്നോട് ചോദിച്ചു; ഞങ്ങളുടെ വിവാദ വീഡിയോ കണ്ടിട്ടാണ് അഞ്ജലി എന്നെ സിനിമയിലേക്ക് വിളിച്ചത്: സയനോര ഫിലിപ്പ്
Entertainment news
'നിനക്ക് ഒന്ന് മതിയായില്ലേടീ' എന്ന് അവരെന്നോട് ചോദിച്ചു; ഞങ്ങളുടെ വിവാദ വീഡിയോ കണ്ടിട്ടാണ് അഞ്ജലി എന്നെ സിനിമയിലേക്ക് വിളിച്ചത്: സയനോര ഫിലിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th November 2022, 7:07 pm

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന വണ്ടര്‍ വുമണ്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം വേറിട്ടതായിരുന്നു. ചിത്രത്തിലെ പ്രധാനതാരങ്ങളായ പാര്‍വതി തിരുവോത്ത്, സയനോര, നിത്യ മേനന്‍ എന്നിവര്‍ പോസിറ്റീവ് റിസള്‍ട്ട് കാണിക്കുന്ന പ്രഗ്‌നന്‍സി ടെസ്റ്ററിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നാലെ ഇതുസംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് ഉണ്ടായ രസകരമായ സംഭവങ്ങള്‍ ഓര്‍ക്കുകയാണ് സയനോര ഫിലിപ്പ്. മാതൃഭൂമി ഡോട്ട് കോമിന് വണ്ടര്‍ വുമണ്‍ ടീം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ആളുകള്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നത് കണ്ടിട്ട് ഞാന്‍ ഞെട്ടി. ശരിക്കും ഞാന്‍ ഗര്‍ഭിണിയാണോയെന്ന് തോന്നിപ്പോയി. എനിക്ക് എന്റെ രണ്ടാമത്തെ പ്രഗ്‌നന്‍സി പോലെയൊരു ഫീല്‍ ആയിരുന്നു. എന്റെ പ്രഗ്‌നന്‍സി ശരിക്കും ആരും അറിഞ്ഞിട്ടില്ല. ആറാമത്തെ മാസം വരെ ഞാന്‍ ഷോ ചെയ്ത് നടക്കുമായിരുന്നു.

എനിക്ക് ആദ്യമേ ഉള്ള വയറാണെന്ന് വിചാരിച്ചിട്ട് എല്ലാവരും അതിനെ അവഗണിച്ചു. പിന്നെയാണ് ഞാന്‍ ഗര്‍ഭിണിയാണെന്ന് എല്ലാവരും മനസിലാക്കുന്നത്. ആദ്യമേ ഇങ്ങനൊരു സാധനം പോസ്റ്റ് ചെയ്തപ്പോള്‍ മിക്‌സഡ് റെസ്‌പോണ്‍സ് ആയിരുന്നു. ചില ഫ്രണ്ട്‌സ് ഒക്കെ എന്നെ വിളിച്ചു. ആദ്യം തന്നെ അവരെന്നെ ചീത്തയാണ് വിളിച്ചത്. നിനക്ക് ഒന്ന് മതിയായില്ലേടീ എന്നാണ് ചോദിച്ചത്.

ഒരു ദിവസം കൂടി വെയ്റ്റ് ചെയ്യ് തല്‍ക്കാലം എനിക്ക് ഒന്നും പറയാന്‍ പറ്റില്ലെന്ന് ഞാന്‍ അവരോടെല്ലാം പറഞ്ഞു. നാളെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മനസിലാകും എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു. മോളോട് കഴിഞ്ഞ ദിവസം ഞാന്‍ ഇതിനേക്കുറിച്ച് ചോദിച്ചിരുന്നു. മമ്മി ആക്ടറാകണോ അതോ സിംഗര്‍ ആകണോയെന്ന്. അവള്‍ പറഞ്ഞത് ആക്ടര്‍ ആകണം എന്നാണ്.

എനിക്ക് ഈ സിനിമ ഭയങ്കര ലേണിങ് എക്‌സ്പീരിയന്‍സായിരുന്നു. ഒന്നാമത് അഞ്ജലിയുടെ പടമാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നപോലെയായിരുന്നു. ഞാന്‍ ശരിക്കും അഭിനയിക്കാനാണോ പോകുന്നത് എന്നൊക്കെ കുറേ ഓര്‍ത്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അഞ്ജലിയോട് തന്നെ ഞാന്‍ ചോദിച്ചിരുന്നു എന്തിനാണ് എന്നെ തെരഞ്ഞെടുത്തതെന്ന്.

കാരണം അഞ്ജലിയുടെ സിനിമയാണെന്ന് അറിഞ്ഞാല്‍ തന്നെ ആരായാലും വരും. പിന്നെന്തിന് എന്നെ എടുത്തു എന്ന് ചോദിച്ചു. ഞാനും ഭാവനയും ഒക്കെ ചേര്‍ന്ന് ഡാന്‍സ് കളിച്ച വിവാദ വീഡിയോ കണ്ടിട്ടാണ് എന്നെ വിളിച്ചത്. ട്രൗസര്‍ ഇട്ട് കളിക്കുന്ന വീഡിയോയിലെ എന്റെ ആറ്റിറ്റിയൂഡും പെര്‍ഫോമന്‍സും കണ്ടിട്ടാണ് എന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്ന് അഞ്ജലി പറഞ്ഞു,” സയനോര ഫിലിപ്പ് പങ്കുവെച്ചു.

content highlight: singer sayanora phllip shares the exprience during the announcement of the film wonder women