നരബലിയുടെ കാര്യത്തില്‍ ഒരു മറുവശമുണ്ട്, ആ കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെങ്കില്‍ നരബലി പോലുള്ള സംഭവങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും: രണ്‍ജി പണിക്കര്‍
Entertainment news
നരബലിയുടെ കാര്യത്തില്‍ ഒരു മറുവശമുണ്ട്, ആ കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെങ്കില്‍ നരബലി പോലുള്ള സംഭവങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th November 2022, 5:24 pm

തിരക്കഥാകൃത്തായും സംവിധായകനായും അടുത്തകാലത്ത് നടനായും മലയാള സിനിമയിലേക്ക് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് രണ്‍ജി പണിക്കര്‍. നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ എഴുതിയും 2005ല്‍ പുറത്തിറങ്ങിയ ഭരത്ചന്ദ്രന്‍ ഐ.പി.എസ് എന്ന ചിത്രം സംവിധാനം ചെയ്തും ശ്രദ്ധേയനാണ് രണ്‍ജി. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങളിലെ മികച്ച പെര്‍ഫോമന്‍സ് കൊണ്ട് അഭിനയത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

കേരളത്തില്‍ നടന്ന നരബലിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കുയാണ് രണ്‍ജി. ഇതില്‍ അകപ്പെട്ട രണ്ട് സ്ത്രീകള്‍ ജീവിതം ആസ്വദിക്കാനായി ഇറങ്ങി പുറപ്പെട്ടവരല്ലെന്നും ഇത്തരമൊരു അവസ്ഥയിലേക്ക് അവര്‍ വലിച്ചെറിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന്റെ സാമൂഹിക അവസ്ഥയാണ് ഇത്തരമൊരു സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അങ്ങനെ ചെയ്യാത്ത പക്ഷം ഇത്തരം സംഭവങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുമെന്നും രണ്‍ജി കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ജി ഇക്കാര്യം പറഞ്ഞത്.

”നരബലിയുടെ കാര്യത്തില്‍ ഒരു മറുവശമുണ്ട്. ഇതില്‍ അകപ്പെട്ട രണ്ട് സ്ത്രീകളുടെ കാര്യമെടുത്താല്‍ സാധാരണ വീട്ടമ്മമാരാണ് അവര്‍. എങ്ങനെയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് അവര്‍ വലിച്ചെറിയപ്പെട്ടത്. നരബലിയേക്കാള്‍ ക്രൂരമായ മുഖമാണ് അതില്‍ കാണുന്നത്. എന്തുകൊണ്ട് ഈ രണ്ട് സ്ത്രീകള്‍ക്ക് ഇങ്ങനെയൊരു വലയില്‍ അകപ്പെടേണ്ടി വന്നു.

ജീവിക്കാന്‍ ഏതവസ്ഥവരെയും മനുഷ്യന്‍ പോകേണ്ടി വരുന്നുവെന്ന സാമൂഹിക അവസ്ഥകൂടി അതിലുണ്ട്. നരബലിയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഏറ്റവും വലിയ പ്രശ്‌നവും അതാണ്. അവര്‍ ജീവിതം ആസ്വദിക്കാന്‍ ഇറങ്ങുന്ന ചെറുപ്പക്കാരികള്‍ ഒന്നുമല്ല. ജീവിതത്തിന്റെ സമ്മര്‍ദമാണ് ഇത്തരം കെണികളില്‍ അവരെയെത്തിക്കുന്നത്.

അതാണ് ഇതിലെ ഏറ്റവും വലിയ ഷോക്കിങ്ങ് ആയിട്ടുള്ള റിയാലിറ്റി. നരബലി, അന്ധവിശ്വസം തുടങ്ങിയ കെണികളില്‍ ആളുകള്‍ എന്തുകൊണ്ട് പെട്ട് പോകുന്നുവെന്ന് പരിശോധിക്കണം. അത്തരം കാര്യങ്ങളെക്കുറിച്ച് നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യാത്ത കാലത്തോളം ഇത്തരം സംഭവങ്ങള്‍ ഇവിടെ നടന്നുകൊണ്ടേയിരിക്കും.

 

നമ്മള്‍ ഏത് യുഗത്തിലാണ് ജീവിക്കുന്നത്. വിശ്വസങ്ങളും അന്ധവിശ്വസങ്ങളും എല്ലാ മനുഷ്യര്‍ക്കുമുണ്ടാകും. എന്നാല്‍ അതിന്റെ എല്ലാ പരിധികളും ലംഘിച്ച് പോകുന്നത് വിചിത്രമാണ്,” രണ്‍ജി പണിക്കര്‍ പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനാണ് രണ്‍ജിയുടെ പുതിയ ചിത്രം. ആസിഫ് അലി, ജാഫര്‍ ഇടുക്കി, ബാബു രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. തുടര്‍ച്ചയായി സംഭവിക്കുന്ന മോഷണ പരമ്പരയാണ് സിനിമയുടെ ഇതിവൃത്തം. ജാഫര്‍ ഇടുക്കി, അസിഫ് അലി, ബാബു രാജ് എന്നിവര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെക്കുന്നത്.

content highlight: actor ranji panicker shares his views in kerala narabali incident