റൊണാള്‍ഡോയും മെസിയും ഒരുമിച്ച് പന്ത് തട്ടുന്നു?
Football
റൊണാള്‍ഡോയും മെസിയും ഒരുമിച്ച് പന്ത് തട്ടുന്നു?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th November 2022, 6:57 pm

ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒരു ക്ലബ്ബില്‍ പന്ത് തട്ടുന്നത് കാണണമെന്നത്. എന്നാലിപ്പോള്‍ അതിനൊരവസരം ഉണ്ടാകുന്നുവെന്നാണ് സൂചന.

പാരീസ് സെന്റ് ഷെര്‍മാങ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കറെ തങ്ങളുടെ ക്ലബ്ബില്‍ ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സഹതാരങ്ങള്‍ക്കെതിരെയും കോച്ച് എറിക് ടെന്‍ ഹാഗിനെതിരെയും പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ റോണോക്ക് ഇനി യുണൈറ്റഡില്‍ തുടരാനാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകുമെന്ന് നേരത്ത തന്നെ സൂചനയുണ്ടായിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ വഞ്ചിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിച്ച താരത്തെ ടീമില്‍ നിലനിര്‍ത്തുന്നതിന് യുണൈറ്റഡ് മാനേജ്‌മെന്റിനും ആരാധകര്‍ക്കും താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് താരം പി.എസ്.ജിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്ത വ്യാപകമാവുന്നത്.

ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകനായ ഫ്‌ളോറിയന്‍ പ്ലെറ്റേണ്‍ബര്‍ഗാസാണ് റൊണാള്‍ഡോയില്‍ പി.എസ്.ജി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

പി.എസ്.ജിയുടെ പ്രധാന ഉപദേശകനായ ലൂയിസ് കാംപോസിന് റൊണാള്‍ഡോയില്‍ താല്‍പര്യക്കുറവുണ്ടെന്നത് മാത്രമാണ് അദ്ദേഹം പാരീസിലെത്താനുള്ള പ്രധാന തടസമായി നില്‍ക്കുന്നതെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ടീമില്‍ യുവതാരങ്ങളെ മാത്രം നിലനിര്‍ത്താന്‍ കാംപോസ് പദ്ധതിയിടുന്നതിനാലാണ് 37കാരനായ റൊണാള്‍ഡോയെ ടീമിലെടുക്കുന്നതില്‍ താല്‍പര്യം കാട്ടാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ചെല്‍സി ഉടമ ടോഡ് ബോഹ്ലിക്കും റൊണാള്‍ഡോയില്‍ ചെറിയ താല്‍പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രീമിയര്‍ ലീഗിലോ ഫ്രഞ്ച് ലീഗിലോ ആരും താല്‍പര്യം അറിയിക്കാത്ത പക്ഷം റൊണാള്‍ഡോ തന്റെ പഴയ ക്ലബ്ബായ പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് ലിസ്ബണിലേക്ക് തിരിച്ചുപോകാനുള്ള സാധ്യതകളുമുണ്ടെന്നാണ് സൂചന.

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 16 മത്സരങ്ങളില്‍ കളിച്ച റൊണാള്‍ഡോക്ക് മൂന്ന് ഗോളുകള്‍ മാത്രമാണ് നേടാനായത്.

Content Highlights: Cristiano Ronaldo is about to sign in PSG