ലാലേട്ടന്റെ ഇന്‍ട്രോ സീന്‍ ചെയ്ത് കുളമാക്കി; അമിതാഭ് ബച്ചന്‍ വന്ന് ചെയ്താലും അത് ശരിയാവില്ല: സിജു വില്‍സണ്‍
Entertainment
ലാലേട്ടന്റെ ഇന്‍ട്രോ സീന്‍ ചെയ്ത് കുളമാക്കി; അമിതാഭ് ബച്ചന്‍ വന്ന് ചെയ്താലും അത് ശരിയാവില്ല: സിജു വില്‍സണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th May 2025, 7:30 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സിജു വില്‍സണ്‍. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം, നേരം എന്നീ സിനിമകളിലൂടെ സിജു വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കൈരളി ടി.വിയിലെ ഒരു റിലാലിറ്റി ഷോയില്‍ പങ്കെടുത്തതിനെ കുറിച്ച് പറയുകയാണ് സിജു വില്‍സണ്‍.

ആ പരിപാടിയില്‍ ഒരു റൗണ്ടില്‍ തനിക്ക് ആറാം തമ്പുരാന്‍ സിനിമയിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ആയിരുന്നു ചെയ്യാന്‍ ഉണ്ടായിരുന്നതെന്നും എന്നാല്‍ അത് അമിതാഭ് ബച്ചന്‍ വന്ന് ചെയ്താലും ശരിയാകില്ലെന്ന് അന്നേ മനസിലായെന്നും നടന്‍ പറയുന്നു. ലൈഫ് നെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണ്ട് ഞാന്‍ ഒരു റിയാലിറ്റി ഷോ ചെയ്തിരുന്നു. സ്റ്റാര്‍ ഹണ്ട് എന്നായിരുന്നു അതിന്റെ പേര്. കൈരളി ടി.വിയില്‍ ആയിരുന്നു ആ ഷോ നടന്നത്. അന്നൊക്കെ എന്തെങ്കിലും കിട്ടിയാല്‍ അത് ചെയ്യുക എന്നതായിരുന്നു പ്രധാന പണി.

കാരണം ഒരുപാട് ഓഡിഷനൊക്കെ അറ്റന്‍ഡ് ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു അത്. അന്ന് ആ റിയാലിറ്റി ഷോയ്ക്ക് വേണ്ടി ഓഡിഷന് പോയി സെലക്ട് ആയി. പക്ഷെ രണ്ടോ മൂന്നോ റൗണ്ട് കഴിഞ്ഞപ്പോഴേക്കും ഞാന്‍ പുറത്തായി.

അന്ന് ഒരു റൗണ്ടില്‍ ഏതെങ്കിലും സിനിമയുടെ സീന്‍ അഭിനയിച്ച് കാണിക്കാനുണ്ടായിരുന്നു. എനിക്ക് ആ റൗണ്ടില്‍ കിട്ടിയത് ആറാം തമ്പുരാന്‍ സിനിമയിലെ ശംഭോ മഹാദേവാ എന്ന് പറയുന്ന സീനാണ്. അതായത് ലാലേട്ടന്റെ ഇന്‍ട്രോ സീന്‍.

അന്ന് ഞാന്‍ അത് ചെയ്ത് കുളമാക്കി. കഴിഞ്ഞ ദിവസം പോലും ഞാന്‍ അത് യൂട്യൂബില്‍ നോക്കിയിരുന്നു. യൂട്യൂബില്‍ കിടപ്പുണ്ടോയെന്ന് അറിയണമല്ലോ. അത് ഇനി കറക്ട് ചെയ്ത് പറയാനൊന്നും എനിക്ക് ആഗ്രഹമില്ല (ചിരി). കാരണം അമിതാഭ് ബച്ചന്‍ വന്ന് ചെയ്താലും ശരിയാവില്ല.

അന്നേ ഞാന്‍ അത് മനസിലാക്കിയതാണ്. അന്ന് എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. വേണമെങ്കില്‍ ഞാന്‍ സായ് കുമാറിന്റെ സീന്‍ ചെയ്യാമെന്ന് പ്രോഗ്രാം പ്രൊഡ്യൂസറിനോട് ചോദിച്ചിരുന്നു. അന്നൊക്കെ ശംഭോ മഹാദേവാ എന്നും പറഞ്ഞ് സുഹൃത്തുക്കള്‍ കളിയാക്കുമായിരുന്നു. അല്‍ഫോണ്‍സും കളിയാക്കിയിരുന്നു,’ സിജു വില്‍സണ്‍ പറയുന്നു.


Content Highlight: Siju Wilson Talks About A Funny Experience In Reality Show