'മുണ്ട്, മുണ്ട്... നീ മുണ്ട്'; മുണ്ടഴിഞ്ഞതറിയാതെ സഭയില്‍ പ്രസംഗം തുടര്‍ന്ന് സിദ്ധരാമയ്യ, ചെവിയില്‍ കാര്യം പറഞ്ഞ് ശിവകുമാര്‍; നാടകീയ രംഗങ്ങള്‍
national news
'മുണ്ട്, മുണ്ട്... നീ മുണ്ട്'; മുണ്ടഴിഞ്ഞതറിയാതെ സഭയില്‍ പ്രസംഗം തുടര്‍ന്ന് സിദ്ധരാമയ്യ, ചെവിയില്‍ കാര്യം പറഞ്ഞ് ശിവകുമാര്‍; നാടകീയ രംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd September 2021, 5:11 pm

ബെംഗളൂരു: ചൂടേറിയ ചര്‍ച്ചകള്‍ക്കിടയിലും വാദപ്രതിവാദങ്ങള്‍ക്കിടയിലും സഭയെ ചിരിയിലാഴ്ത്തി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസാരത്തിനിടെ അദ്ദേഹത്തിന്റെ മുണ്ട് അഴിഞ്ഞു വീഴാന്‍ തുടങ്ങുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ വന്ന് കാര്യം പറയുകയും സിദ്ധരാമയ്യ മുണ്ട് നേരെ ഉടുക്കുകയും ചെയ്തതോടെയാണ് സഭയില്‍ ചിരി പടര്‍ന്നത്.

സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ശിവകുമാര്‍ വന്ന് സിദ്ധരാമയ്യയുടെ ചെവിയില്‍ ‘പംചെ കേളദ്രു’ (മുണ്ടഴിയുന്നു) എന്ന് പറയുന്നു. കേട്ടയുടനെ ‘ഹൗദാ’ (ആണോ) എന്ന് ചോദിച്ചു കൊണ്ട് മുണ്ട് നേരെയാക്കുകയായിരുന്നു.

‘റാംജിറാവ് സ്പീക്കിംഗ്’ എന്ന സിനിമയില്‍ മുകേഷ് ഇന്നസെന്റിനോട് ‘മുണ്ട് മുണ്ട്’ എന്ന പറയുന്ന രംഗത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു ശിവകുമാര്‍ സിദ്ധരാമയ്യയുടെ ചെവിയില്‍ കാര്യം അവതരിപ്പിച്ചത്.

മന്ത്രി ഈശ്വരപ്പെയെ നോക്കി ‘പംചെ കള്‍സികെ ബിട്ട് ഹോഗി ഈശ്വരപ്പ’ (മുണ്ടഴിഞ്ഞു പോയി ഈശ്വരപ്പ) എന്നു പറഞ്ഞുകൊണ്ടാണ് സിദ്ധരാമയ്യ മുണ്ട് നേരെയാക്കിയത്.

കൊവിഡ് ബാധിച്ചപ്പോള്‍ താന്‍ 4-5 കിലോഗ്രാം ഭാരം കൂടിയെന്നും വയര്‍ ചാടിയിട്ടുണ്ടെന്നും അതാണ് മുണ്ട് അഴിഞ്ഞുപോവാന്‍ കാരണമെന്നും പറയുന്നുണ്ട്.

ട്രഷറി ബെഞ്ചിലുള്ളവര്‍ സഹായിക്കാനായി ചെന്നപ്പോള്‍ ‘നിങ്ങള്‍ മറുപക്ഷത്തിലുള്ളവരാണ്, ഞാന്‍ നിങ്ങളോട് സഹായം ആവശ്യപ്പെടില്ല’ എന്നാണ് പറഞ്ഞത്.

അതേസമയം, കോണ്‍ഗ്രസ് എം.എല്‍.എയായ രമേഷ് കുമാര്‍ ‘ഞങ്ങളുടെ പ്രസിഡന്റായ ശിവകുമാര്‍ നമ്മുടെ പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ ചെവിയിലാണ് പറഞ്ഞത്, എന്നാല്‍ അദ്ദേഹം സഭയിലൊന്നാകെ പറയുകയായിരുന്നു. ഇതും പറഞ്ഞ് ബി.ജെ.പി നമ്മളെ കളിയാക്കും,’ എന്നാണ് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Siddaramaiah’s dhoti comes off during heated debate in Karnataka assembly