ആ മോഹന്‍ലാല്‍ ചിത്രം ഇന്റര്‍വെല്‍ ഇല്ലാതെ കണ്ടിരുന്നെങ്കില്‍ അത്രയും വലിയ പ്രശ്‌നം നടക്കില്ലായിരുന്നു: സിബി മലയില്‍
Entertainment
ആ മോഹന്‍ലാല്‍ ചിത്രം ഇന്റര്‍വെല്‍ ഇല്ലാതെ കണ്ടിരുന്നെങ്കില്‍ അത്രയും വലിയ പ്രശ്‌നം നടക്കില്ലായിരുന്നു: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st July 2025, 8:31 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. സിനിമാപ്രേമികള്‍ക്ക് മികച്ച നിരവധി സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെയാണ് സിബി ആദ്യമായി സംവിധായകനാകുന്നത്.

സ്വതന്ത്ര സംവിധായകനാകുന്നതിന് മുമ്പ് പ്രിയദര്‍ശന്‍, ഫാസില്‍ ഉള്‍പ്പെടെയുള്ള മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആള്‍ കൂടിയാണ് അദ്ദേഹം. സിബി മലയിലിന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.

മോഹന്‍ലാലിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു മായാ മയൂരം. മോഹന്‍ലാല്‍ ഈ സിനിമയില്‍ ഇരട്ടവേഷത്തിലാണ് എത്തിയത്. എന്നാല്‍ ആദ്യ പകുതിയില്‍ സിനിമയിലെ ഒരു മോഹന്‍ലാല്‍ കഥാപാത്രം മരിച്ചത് കണ്ട് ചില ആരാധകര്‍ തിയേറ്റര്‍ അടിച്ചു തകര്‍ത്തിരുന്നു.

ഇപ്പോള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. അന്ന് ഇന്റര്‍വെല്‍ ഇല്ലാതെ ഒരുമിച്ച് സെക്കന്റ് ഹാഫും കൂടെ കാണുകയായിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നം ഉണ്ടാകില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

മായാ മയൂരം സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഞാനും ലാലും ചെങ്കോല്‍ സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. തിരുവനന്തപുരത്ത് ലാലിന്റെ കടുത്ത ഫാനായ ഒരാള്‍ ഉണ്ടായിരുന്നു. പടം ഇറങ്ങിയ ഉടനെ തന്നെ അതിന്റെ റിസള്‍ട്ട് വിളിച്ചു പറയുന്ന അത്തരം ചില അടുത്ത ആരാധകര്‍ ലാലിനുണ്ട്.

ചെങ്കോല്‍ ഷൂട്ട് ചെയ്യുമ്പോള്‍ അന്ന് മായാ മയൂരം റിലീസ് ആണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അതിന്റെ ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. കാരണം ആ സമയത്ത് ഞങ്ങള്‍ ചെങ്കോല്‍ ഷൂട്ടിങ്ങിന്റെ ടെന്‍ഷനില്‍ നില്‍ക്കുകയാണല്ലോ.

അപ്പോഴാണ് അയാള്‍ ആ ലൊക്കേഷനിലേക്ക് ഓടി വരുന്നത്. വന്നതും അയാള്‍ പറഞ്ഞത് ‘അവിടെ രമ്യ തിയേറ്ററില്‍ ഇന്റര്‍വെല്‍ ആയതും ആളുകള്‍ തിയേറ്റര്‍ അടിച്ചു പൊളിച്ചു’ എന്നാണ്. അതില്‍ ‘മോഹന്‍ലാല്‍ മരിച്ചല്ലോ. ഇനിയെന്ത് സിനിമ’യെന്നാണ് അവര്‍ ചിന്തിച്ചത്.

അതേസമയം രണ്ടാമത്തെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ നമ്മള്‍ റിവീല്‍ ചെയ്തിരുന്നില്ല. പോസ്റ്ററിലൊന്നും അങ്ങനെയൊരു ആള്‍ ഉണ്ടായിരുന്നില്ല. സെക്കന്റ് ഹാഫിലാണല്ലോ ആ കഥാപാത്രം സിനിമയിലേക്ക് വരുന്നത്.

ഇന്റര്‍വെല്‍ ഇല്ലാതെ ഒരുമിച്ച് സെക്കന്റ് ഹാഫും കൂടെ കാണുകയായിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. ഇത്രയും വലിയ പ്രശ്‌നം അന്ന് ഒഴിവായി പോയേനേ (ചിരി),’ സിബി മലയില്‍ പറയുന്നു.


Content Highlight: Sibi Malayil Talks About Mohanlal’s Maya Mayooram Movie