1993ല്‍ രഞ്ജിത്ത് രചന നിര്‍വഹിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് മായാ മയൂരം. ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. അദ്ദേഹത്തിന് പുറമെ രേവതി, ശോഭന, തിലകന്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ മികച്ച താരനിരയായിരുന്നു സിനിമക്കായി ഒന്നിച്ചത്.
അപ്പു, ഉണ്ണി എന്നീ കഥാപാത്രങ്ങളായി ഇരട്ടവേഷത്തിലാണ് മോഹന്‍ലാല്‍ മായാ മയൂരത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ അപ്പു എന്ന മോഹന്‍ലാല്‍ കഥാപാത്രം മരിച്ചു പോകുകയും രണ്ടാം പകുതിയില്‍ ഉണ്ണിയെന്ന കഥാപാത്രം വരുന്നതുമാണ് കഥ.
ഇപ്പോള്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മായാ മയൂരം സിനിമയുടെ ക്ലൈമാക്‌സില്‍ എനിക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാരണം അതൊരു പോയറ്റിക്കായ എന്‍ഡിങ് ആയിരുന്നു. പക്ഷെ എന്തുകൊണ്ടാണ് ആ സിനിമ വലിയ വിജയം ആകാതിരുന്നതെന്ന് ഞാന്‍ ആലോച്ചിരുന്നു.
അന്ന് എനിക്ക് തോന്നിയത് ഒരൊറ്റ കാര്യമായിരുന്നു. സെക്കന്റ് ഹാഫില്‍ വരുന്ന മോഹന്‍ലാലിന്റെ ഉണ്ണിയെന്ന കഥാപാത്രമായിരുന്നു അതിന്റെ കാരണം. അയാള്‍ വെറും പാവത്താനായ ഒരു മനുഷ്യനായിരുന്നു.
ആദ്യം മരിച്ചു പോകുന്ന അയാളുടെ സഹോദരന്‍ അപ്പു ഒരുപാട് എനര്‍ജറ്റിക്കായ ആളാണ്. പക്ഷെ ഉണ്ണി വളരെ തണുപ്പനും സാധുവുമാണ്. അതിന് പകരം അയാള്‍ കുറച്ച് മാടമ്പിത്തരമൊക്കെയുള്ള ചട്ടമ്പി ആയിരുന്നെങ്കില്‍ നന്നായേനെ.
മനസ് നല്ലതാണെങ്കിലും കുറച്ച് കുഴപ്പക്കാരന്‍ ആയിരുന്നെങ്കില്‍ നന്നാകും. അതായത് വാടായെന്ന് വിളിച്ചാല്‍ പോടായെന്ന് പറയുന്ന കഥാപാത്രമാകണമായിരുന്നു ഉണ്ണി. ദേവാസുരം, ആറാം തമ്പുരാന്‍ തുടങ്ങിയ സിനിമകളിലുള്ള കഥാപാത്രങ്ങളെ പോലെ ആകണമായിരുന്നു.
ആ ഷേഡ് വന്നിരുന്നെങ്കില്‍ മായാ മയൂരം സിനിമയുടെ വിധി ചിലപ്പോള്‍ മറ്റൊന്നാകുമായിരുന്നു. മുമ്പത്തേതിനേക്കാള്‍ (അപ്പു) എലവേറ്റഡാകുന്ന കഥാപാത്രമായി ഉണ്ണി വന്നേനേ,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil Talks About Failure Of Mohanlal’s Maya Mayooram Movie