ദേവദൂതന്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. ചിത്രത്തില്‍ മോഹന്‍ലാലിനെ ആയിരുന്നില്ല താന്‍ നായകനായി കണ്ടിരുന്നതെന്നും മോഹന്‍ലാല്‍ നായകനായി എത്തിയതോടെ കഥയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെന്നും സിബി മലയില്‍ പറയുന്നു. മോഹന്‍ലാലിന് ആ കഥാപാത്രം ചേരില്ലെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും എന്നാല്‍ ആ സിനിമ ചെയ്യണമെന്ന് മോഹന്‍ലാല്‍ നിര്‍ബന്ധം പിടിച്ചെന്നും സിബി മലയില്‍ പറഞ്ഞു.
‘ദേവദൂതന്‍ എന്ന സിനിമക്ക് നായകനെ അന്വേഷിച്ച് നടക്കുകയായിരുന്നു. അതിനിടയ്ക്ക് വളരെ യാദൃശ്ചികമായ മോഹന്‍ലാല്‍ ഈ കഥ കേള്‍ക്കുകയും അദ്ദേഹം ആ കഥാപാത്രം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോലം മോഹന്‍ലാല്‍ ആ കഥാപാത്രത്തിന് യോജിക്കുന്ന ആളല്ല.
ഇതൊരു ക്യാമ്പസില്‍ പഠിക്കുന്ന ആളാണ്. മോഹന്‍ലാല്‍ ആകുമ്പോള്‍ നമ്മള്‍ക്ക് ആ രീതിയില്‍ ചെയ്യാന്‍ കഴിയില്ലെന്ന ചിന്ത ഉള്ളതുകൊണ്ട് ഞാന്‍ അധികം ആഭിമുഖ്യം കാണിച്ചില്ല. എന്നാല്‍ മോഹന്‍ലാല്‍ ഇങ്ങനെ ഒരു കഥ ഇങ്ങോട്ട് ആവശ്യപ്പെടുകയും ആഗ്രഹിക്കുകയും ചെയ്തതുകൊണ്ട് അത് ഉപയോഗപ്പെടുത്തേണ്ടേ എന്ന ചിന്ത നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് വന്നു.
അദ്ദേഹത്തിന് വേണ്ടി മറ്റൊരു കഥ കണ്ട് മറ്റൊരു സിനിമ ചെയ്യാമെന്ന നിര്‍ദേശം ഞാന്‍ വെച്ചു. ഒന്ന് രണ്ട് കഥ കേട്ടെങ്കിലും തൃപ്തികരമായി തോന്നിയില്ല. അങ്ങനെ ഈ സിനിമ പെട്ടെന്ന് തന്നെ ചെയ്യണമെന്ന തീരുമാനം മോഹന്‍ലാലിന്റെ ഭാഗത്തുനിന്നും ഉണ്ടായി. മോഹന്‍ലാലിനെ ഉള്‍പ്പെടുത്താന്‍ വേണ്ടി കഥയില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വന്നു,’ സിബി മലയില്‍ പറയുന്നു.