മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. കിരീടം അടക്കം 50ലധികം സിനിമകൾ സംവിധാനം ചെയ്‌ത സിബി മലയിൽ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. ഇപ്പേൾ കിരീടത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
സമ്മർദത്തിൽ നിന്നുകൊണ്ടാണ് കിരീടത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയതെന്നും എന്നാൽ സിനിമയുടെ റിസൾട്ട് വളരെ പോസിറ്റീവ് ആയിരുന്നെന്നും അദ്ദേഹം പറയുന്നു.
അതുകൊണ്ടാണ് സമ്മർദങ്ങൾ അറിയാതെ പോയതെന്നും സിനിമയുടെ കഥ എഴുതിയപ്പോൾ ഹെഡ്‌കോൺസ്‌റ്റബിൾ അച്യുതൻ നായർ എന്ന കഥാപാത്രം തിലകനെ മനസിൽ വിചാരിച്ചിട്ടാണ് എഴുതിയതെന്നും സിബി മലയിൽ പറഞ്ഞു.
തിലകന് അന്ന് നല്ല തിരക്കായിരുന്നെന്നും അപ്പോൾ അദ്ദേഹം രണ്ട് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിനയിക്കാനുള്ള ബുദ്ധിമുട്ട് അദ്ദേഹം പറഞ്ഞപ്പോൾ തിലകൻ വരുന്നത് വരെ കാത്തിരുക്കുമെന്നും വേറൊരു നടനില്ലെന്നും സിബി മലയിൽ പറയുന്നു.
‘ഇത്രയും സമ്മർദത്തിൽ നിന്നുകൊണ്ട് മറ്റൊരു സിനിമയും ചിത്രീകരിക്കേണ്ടി വന്നിട്ടില്ല. എങ്കിലും സിനിമയുടെ റിസൽട്ട് വളരെ പോസിറ്റീവായിരുന്നു. പിന്നെ, മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ സഹകരണം. അതുകൊണ്ടൊക്കെ സമ്മർദങ്ങൾ അറിയാതെ പോയി.
സിനിമ എഴുതുമ്പോൾ ചില നടൻമാർ കഥാപാത്രങ്ങളായി മുന്നിൽ വരും. ഹെഡ്‌കോൺസ്‌റ്റബിൾ അച്യുതൻ നായരെ എഴുതുമ്പോൾ ലോഹിയുടെയും എന്റെയും മനസിൽ മറ്റൊരാളില്ല, തിലകനല്ലാതെ.
തിലകന് നായകനടന്മാരെക്കാൾ തിരക്കുള്ള കാലമാണത്. അദ്ദേഹം അന്ന് തിരുവനന്തപുരത്ത് രണ്ട് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അശോകൻ സംവിധാനം ചെയ്യുന്ന ‘വർണ്ണം‘ പകൽ നേരത്തും ടി. കെ. രാജീവ്‌കുമാറിൻ്റെ ‘ചാണക്യൻ‘ രാത്രിയും.
ഞാനും ലോഹിയും തിലകനെ കണ്ടു. ചിറ്റൂരാണ് കിരീടത്തിന്റെ ലൊക്കേഷൻ പ്ലാൻ ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് അവിടെ വരെ വരുന്നതിനുള്ള ബുദ്ധിമുട്ടാണ് തിലകൻ ചൂണ്ടിക്കാട്ടിയത്. ഞാൻ പറഞ്ഞു ‘ചേട്ടൻ വരുന്നതുവരെ സിനിമ മാറ്റിവയ്ക്കും. വേറൊരു നടനില്ല ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ,’ എന്ന് ഞാൻ പറഞ്ഞു,’ സിബി മലയിൽ പറയുന്നു.
ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. മോഹൻലാൽ, തിലകൻ, കവിയൂർ പൊന്നമ്മ, പാർവതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
Content Highlight: Sibi Malayil talking about Kireedam Movie and Thilakan