മമ്മൂട്ടിയും മോഹന്‍ലാലും കഥാപാത്രത്തിലേക്ക് മാറാന്‍ അധികം എഫര്‍ട്ടിടാറില്ല, എന്നാല്‍ ആ നടന്മാര്‍ കഥാപാത്രത്തില്‍ നിന്ന് മാറാന്‍ സമയമെടുക്കും: സിബി മലയില്‍
മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. മുത്താരംകുന്ന് പി.ഓ എന്ന ചിത്രത്തിലൂടെയാണ് സിബി മലയില്‍ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ദശരഥം, കിരീടം, ആകാശദൂത് തുടങ്ങി മികച്ച ചിത്രങ്ങള്‍ സിബി മലയില്‍ ഒരുക്കിയിട്ടുണ്ട്.
മലയാളത്തിലെ മികച്ച താരങ്ങളായ മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സംസാരിക്കുകയാണ് സിബി മലയില്‍. ഇരുവരും കഥാപാത്രങ്ങള്‍ക്കായി യാതൊരു എഫര്‍ട്ടും ഇടുന്നത് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്ഷന്‍ പറയുമ്പോള്‍ മോഹന്‍ലാല്‍ അനായാസമായാണ് കഥാപാത്രത്തിലേക്ക് മാറുന്നതെന്നും കട്ട് പറയുമ്പോള്‍ അതിലും എളുപ്പത്തില്‍ അതില്‍ നിന്ന് പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയും അത്തരത്തില്‍ എളുപ്പത്തില്‍ കഥാപാത്രത്തിലേക്ക് മാറുന്നയാളാണെന്നും അവര്‍ക്ക് എല്ലാം എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുമെന്നും സിബി മലയില്‍ പറയുന്നു. ഡബ്ബിങ് സ്റ്റുഡിയോയിലും ഇതേ കാര്യം തന്നെയാണെന്നും അതെല്ലാം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നാടകത്തില്‍ നിന്ന് വന്ന നടന്മാര്‍ക്ക് കഥാപാത്രത്തില്‍ നിന്ന് പുറത്തു വരാന്‍ ഒരുപാട് സമയമെടുക്കുന്നതായി താന്‍ കാണാറുണ്ടെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹന്‍ലാല്‍ ഒരിക്കലും കഥാപാത്രത്തിനായി എഫര്‍ട്ടെടുക്കാറില്ല. അനായാസമായി പെര്‍ഫോം ചെയ്യും. ആ കഥാപാത്രത്തെ കൊണ്ടുനടക്കാറില്ല. ആക്ഷനും കട്ടിനും ഇടയില്‍ മാത്രം കഥാപാത്രമായി മാറും. മമ്മൂട്ടിയും അതുപോലെ തന്നെയാണ്. രണ്ടുപേര്‍ക്കും കഥാപാത്രത്തിലേക്ക് മാറാനും അതില്‍ നിന്ന് പുറത്തുവരാനും കുറച്ച് സമയം മാത്രം മതി. അത് വളരെയടുത്ത് നിന്ന് കണ്ടിട്ടുള്ളയാളാണ് ഞാന്‍.
ഡബ്ബിങ്ങിന്റെ സമയത്തും അതുപോലെ തന്നെയാണ്. വളരെ ഇമോഷണലായിട്ടുള്ള ഡയലോഗിന് ശേഷം മോഹന്‍ലാല്‍ എന്തെങ്കിലും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അടുത്ത സീന്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ ആ മീറ്ററില്‍ സംസാരിക്കും. അതൊക്കെ അവര്‍ക്ക് ലഭിച്ചിട്ടുള്ള കഴിവായിട്ടാണ് ഞാന്‍ കാണുന്നത്.
എന്നാല്‍ നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ നടന്മാരില്‍ ഞാന്‍ ഇങ്ങനെ കണ്ടിട്ടില്ല. പലപ്പോഴും കഥാപാത്രത്തില്‍ നിന്ന് പുറത്തുകടക്കാനാകാതെ അവര്‍ ബുദ്ധിമുട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ശീലിച്ചത് അങ്ങനെയാണല്ലോ. ഭരത് ഗോപി ചേട്ടന്‍, മുരളി ചേട്ടന്‍ ഇവരൊക്കെ അങ്ങനെയുള്ള നടന്മാരുടെ കൂട്ടത്തിലാണ്,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil saying Mammootty and Mohanlal can perform any characters easily