ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ അവരാണ്: ഗില്‍
Cricket
ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ അവരാണ്: ഗില്‍
സുദേവ് എ
Tuesday, 14th July 2026, 9:17 am

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവും. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് ആദ്യ പോരാട്ടം നടക്കുന്നത്. ടി – 20 പരമ്പരയില്‍ ഏറ്റുവാങ്ങിയ കനത്ത തോല്‍വിക്ക് കണക്ക് തീര്‍ക്കാനായിരിക്കും ഇന്ത്യ ഇറങ്ങുക. മറുവശത്ത് ഏകദിന പരമ്പരയിലും ഇന്ത്യക്കെതിരെ വിജയം ആവര്‍ത്തിക്കാനാവും ഇംഗ്ലീഷ് ടീമും ലക്ഷ്യം വെക്കുക.

ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയെക്കുറിച്ചും വിരാട് കോഹ്‌ലിയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍. രോഹിത്തും വിരാടും ഇന്ത്യന്‍ ടീമിന്റെ പ്രധാന താരങ്ങളാണെന്നാണ് ഗില്‍ പറഞ്ഞത്. 2027 ഏകദിന ലോകകപ്പിനെക്കുറിച്ച് കോഹ്ലിയുമായി ചര്‍ച്ച നടത്തിയെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

‘വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ടീമിന്റെ പ്രധാന താരങ്ങളാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളിലേറെയായി ഇരുവരും ഇന്ത്യന്‍ ടീമിന്റെ നിര്‍ണായകമായ ഭാഗമാണ്. 2027ല്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനെക്കുറിച്ച് ഞാന്‍ വിരാട് കോഹ്‌ലിയുമായി വിശദമായി സംസാരിച്ചു. ലോകകപ്പിനായി ടീം എങ്ങനെ ഒരുങ്ങണം, ആരെല്ലാം ടീമില്‍ ഉണ്ടാവണം, ആരെയൊക്കെ ഒഴിവാക്കണം, സൗത്ത് ആഫ്രിക്കയിലെ സാഹചര്യങ്ങളില്‍ ഏതെല്ലാം താരങ്ങൾ കൂടുതല്‍ ഉപകാരപ്പെടും എന്നീ കാര്യങ്ങളാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്,’ ശുഭ്മന്‍ ഗില്‍ പറഞ്ഞു.

2027ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകളാണ് ഇനി രോഹിത്തിന്റെയും കോഹ്‌ലിയുടെയും മുന്നിലുള്ളത്. ടെസ്റ്റില്‍ നിന്നും ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇരുവരും ഏകദിനത്തില്‍ മാത്രമാണ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിന് ശേഷം ജൂലൈ 16നും ജൂലൈ 19നും രണ്ടും മൂന്നും ഏകദിനത്തിലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളത്തിലിറങ്ങും. സോഫിയ ഗാര്‍ഡന്‍സിലും ലോര്‍ഡ്സിമാണ് മത്സരങ്ങള്‍ നടക്കുക.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ, ഗുര്‍നൂര്‍ ബ്രാര്‍.

അതേസമയം ഇന്ത്യക്കെതിരെയുള്ള ആദ്യ ഏകദിനത്തിനുള്ള പ്ലെയിങ് ഇലവന്‍ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ജേക്കബ് ബേഥല്‍, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡോസണ്‍, ജോഷ് ടോങ്, ആദില്‍ റാഷിദ്.

 

Content Highlight: Shubhman Gill talks about Virat Kohli and Rohit Sharma

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.