മമ്മൂട്ടിയും ഞാനുമില്ലെങ്കിലും മലയാള സിനിമ മുന്നോട്ട് പോകണ്ടേ? പുതിയൊരു തലമുറ വരണം: മോഹന്‍ലാല്‍
Film News
മമ്മൂട്ടിയും ഞാനുമില്ലെങ്കിലും മലയാള സിനിമ മുന്നോട്ട് പോകണ്ടേ? പുതിയൊരു തലമുറ വരണം: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th September 2025, 3:47 pm

കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച AMMA സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് സംഘടനയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. പിന്നാലെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവെക്കുകയും 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് നടത്തുകയും ശ്വേത മേനോന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് രണ്ട് വനിതകള്‍ AMMAയുടെ തലപ്പത്തേക്ക് വരുന്നത്. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

‘എത്രയോ വര്‍ഷമായി AMMAയില്‍ മോഹന്‍ലാലും മമ്മൂട്ടിയും നിലനില്‍ക്കുന്നു. നമ്മളില്ലെങ്കിലും മലയാള സിനിമ മുന്നോട്ട് പോകണ്ടേ… ഞാന്‍ സിനിമാ അഭിനയം നിര്‍ത്തുന്നു എന്നുപറഞ്ഞ് കഴിഞ്ഞാല്‍ എന്തുചെയ്യും.

പുതിയൊരു തലമുറ അല്ലെങ്കില്‍ പുതിയൊരു സിസ്റ്റം വരണം. സ്ത്രീകള്‍ക്ക് പങ്കാളിത്തം ഇല്ലായെന്ന് പറയുന്ന സമയം ആണല്ലോ, അപ്പോള്‍ അവര്‍ ചെയ്യട്ടേ… അത് അവര്‍ക്ക് ഹാന്‍ഡോവര്‍ ചെയ്തതല്ല. അവര്‍ മത്സരിച്ച് ജയിച്ചതാണ്,’ മോഹന്‍ലാല്‍ പറയുന്നു.

അമ്മയിലെ സിസ്റ്റം എന്താണെന്ന് സ്ത്രീകളും കൂടി മനസിലാട്ടെയെന്നും AMMAയൊരു ക്ലബ് പോലെയാണെന്നും എന്നാല്‍ ഈസിയായിട്ട് റണ്‍ ചെയ്യാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

AMMAയെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്ന എല്ലാ ഫെസിലിറ്റീസും ഇപ്പോഴുണ്ടെന്നും നമ്മളെല്ലാവരും അവരുടെ കൂടെത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും തങ്ങളെ വിളിക്കാറുണ്ടെന്നും AMMA കൂടെയുള്ള ആളുകളെ സഹായിക്കാനുള്ള സംഘടനയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

അതൊരു സിനിമാ സംഘടനയായതുകൊണ്ട് എല്ലാവര്‍ക്കും അതിനോട് ഒരു താത്പര്യമുണ്ടെന്നും ആരും അറിഞ്ഞിട്ടാത്ത കഥകള്‍ പലരും ഉണ്ടാക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

എല്ലാക്കാര്യത്തിലും ഫുള്‍സ്റ്റോപ് വേണമെന്നുള്ളത് കൊണ്ടാണ് രാജിവെച്ചതെന്നും എല്ലാവരും AMMA യിലേക്കാണ് ഫോക്കസ് ചെയ്തതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highligt: Shouldn’t Malayalam cinema move forward even without Mammootty and me says Mohanlal