മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് ശോഭന. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ശോഭനക്ക് ലഭിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്. 2006ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഈ വർഷം നടിക്ക് പത്മഭൂഷനും നൽകി ആദരിച്ചു.
ഇപ്പോൾ തന്നെക്കുറിച്ചും മണിച്ചിത്രത്താഴ് സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് നടി. തനിക്ക് ആ പഴയ ശോഭനയെ ടി.വിയിൽ കണ്ടാലും ഇഷ്ടം തോന്നാറില്ലെന്നും കുറച്ചുകൂടി നന്നായിട്ട് ചെയ്യാമായിരുന്നില്ലെയെന്ന് തോന്നുമെന്നും നടി പറയുന്നു. മണിച്ചിത്രത്താഴ് കാണുമ്പോൾ പോലും തനിക്ക് അങ്ങനെ തോന്നുമെന്നും അവർ കൂട്ടിച്ചേർത്തു.
പതിമൂന്ന് വയസുള്ളപ്പോഴാണ് സിനിമയിലെത്തുന്നതെന്നും ജീവിതത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നതിന് മുമ്പ് തിരക്കിലായെന്നും അവർ പറയുന്നു.
പത്മരാജൻ, അടൂർ ഗോപാലകൃഷ്ണൻ, കെ. ബാലചന്ദർ, ഫാസിൽ എന്നിവർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞെന്നും നടി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു നടി.
‘എനിക്ക് ആ ശോഭനയെ ഇപ്പോൾ ടി.വിയിൽ കാണുമ്പോൾ ഒട്ടും ഇഷ്ടം തോന്നാറില്ല. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നില്ലേ എന്നൊക്കെ തോന്നും. ‘മണിച്ചിത്രത്താഴ്‘ കാണുമ്പോൾ പോലും എനിക്കതു തോന്നാറുണ്ട്.
പതിമൂന്ന് വയസും പത്തു മാസവുമുള്ളപ്പോഴാണ് സിനിമയിൽ എത്തുന്നത്. ജീവിതത്തെക്കുറിച്ച് ഗാഢമായി ചിന്തിച്ചു തുടങ്ങുന്ന പ്രായത്തിലേ തിരക്കിലായി. പത്മരാജൻ, അടൂർ ഗോപാലകൃഷ്ണൻ, കെ. ബാലചന്ദർ, ഫാസിൽ എന്നിങ്ങനെയുള്ള വലിയ ആളുകളോട് സംസാരിക്കാനും ഒപ്പം വർക്ക് ചെയ്യാനും കഴിഞ്ഞു,’ ശോഭന പറയുന്നു.
ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ.പി. എ. സി. ലളിത, നെടുമുടി വേണു,ഇന്നസെൻ്റ്, കുതിരവട്ടം പപ്പു എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.
Content Highlight: Shobhana talking about Manichithrathazhu Movie