നിനക്കൊക്കെ വട്ടാണോ എന്നാണ് ആ മോഹൻലാൽ ചിത്രത്തിലെ പാട്ട് എഴുതിയപ്പോൾ ഒ.എന്‍.വി. സാര്‍ ചോദിച്ചത്: ഷിബു ചക്രവർത്തി
Entertainment
നിനക്കൊക്കെ വട്ടാണോ എന്നാണ് ആ മോഹൻലാൽ ചിത്രത്തിലെ പാട്ട് എഴുതിയപ്പോൾ ഒ.എന്‍.വി. സാര്‍ ചോദിച്ചത്: ഷിബു ചക്രവർത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 11:30 am

ജോഷിയുടെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ എം. ജി. സോമന്‍, ജഗദീഷ്, മണിയന്‍പിള്ള രാജു, അശോകന്‍, എന്നിവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങള്‍. മമ്മൂട്ടി ഈ ചിത്രത്തില്‍ അതിഥിവേഷത്തിലും എത്തുന്നുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് ഔസേപ്പച്ചനാണ്. ഇപ്പോള്‍ ചിത്രത്തിലെ ‘പിച്ചകപ്പൂങ്കാവുകള്‍ക്ക് അപ്പുറം’ എന്ന പാട്ടിനെക്കുറിച്ച് പറയുകയാണ് ഷിബു ചക്രവര്‍ത്തി.

നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ‘പിച്ചകപ്പൂങ്കാവുകള്‍ക്ക് അപ്പുറം’ എന്ന പാട്ട് ഒരു പരീക്ഷണപ്പാട്ട് ആണെന്നും ട്രെയിന്‍ യാത്രയുടെ താളമൊക്കെ നിറച്ച് ഔസേപ്പച്ചന്‍ ട്യൂണ്‍ ഉണ്ടാക്കി കേള്‍പ്പിച്ചുവെന്നും അദ്ദേഹം പറയുന്നു.

അത് വരികളെഴുതാന്‍ പറ്റാത്ത പാട്ടാണെന്നും പശ്ചാത്തലസംഗീതമാക്കാമെന്ന് ഔസേപ്പച്ചന്‍ പറഞ്ഞുവെന്നും എന്നാല്‍ തനിക്ക് ആ പാട്ടിന് വരികളെഴുതാന്‍ തോന്നിയെന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു.

ഇതുകണ്ട് ഒ.എന്‍.വി. കുറുപ്പ് തന്നോട് വട്ടാണോ എന്ന് ചോദിച്ചുവെന്നും അതിന് കാരണം ട്യൂൺ ചെയ്ത ശേഷം പാട്ടെഴുതുന്നതിന് അദ്ദേഹം എതിരായിരുന്നെന്നും ഷിബു വ്യക്തമാക്കി. പക്ഷെ ആ ട്യൂണിന് താന്‍ പാട്ട് എഴുതിയെന്നും ഇന്ത്യന്‍ സിനിമയിലെതന്നെ ആദ്യ ട്രെയിന്‍ സോങ് ആണ് ആ പാട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചില പരീക്ഷണങ്ങളും ഞങ്ങളുടെ കൂട്ടുകെട്ടില്‍ (ഔസേപ്പച്ചന്‍) നടത്തിയിട്ടുണ്ട്. അതിലൊന്നിനെക്കുറിച്ച് പറയാം. ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിലെ ‘പിച്ചകപ്പൂങ്കാവുകള്‍ക്ക് അപ്പുറം…’ എന്ന പാട്ട് അത്തരത്തിലൊന്നായിരുന്നു. ട്രെയിന്‍ യാത്രയുടെ താളമൊക്കെ നിറച്ച് ഔസേപ്പച്ചന്‍ ഒരു ട്യൂണ്‍ ഉണ്ടാക്കി കേള്‍പ്പിച്ചു.

വരികളൊന്നും എഴുതി പാട്ടാക്കാന്‍ പറ്റിയ ട്യൂണല്ലെന്നും സിനിമയിലെ പശ്ചാത്തലസംഗീതമാക്കാം എന്നും ഔസേപ്പച്ചന്‍ പറഞ്ഞു. അതിന് വരികളെഴുതി നോക്കിയാലോ എന്ന് അപ്പോള്‍ എനിക്ക് തോന്നി. റെക്കോഡിങ്ങിന് പോയി വരൂ. ഞാനൊരു പരീക്ഷണം നോക്കട്ടെ എന്ന് ഔസേപ്പച്ചനോട് പറഞ്ഞു. ഞാന്‍ ഈ ട്യൂണിന് വരികളെഴുതുന്നത് തൊട്ടടുത്ത മുറിയില്‍ താമസിച്ച ഒ.എന്‍.വി. സാര്‍ കണ്ടു.

‘നിനക്കൊക്കെ എന്താണ് വട്ടാണോ’ എന്നാണ് ട്യൂണ്‍ കേട്ട് അദ്ദേഹം ചോദിച്ചത്. കാരണം അദ്ദേഹം ട്യൂണിട്ട് പാട്ടെഴുതുന്നതിനുതന്നെ എതിരായിരുന്നു. പക്ഷേ, വൈകീട്ട് ഔസേപ്പച്ചന്‍ വന്നപ്പോഴേക്കും പാട്ട് റെഡി. ഒരുപക്ഷേ, ഇന്ത്യന്‍ സിനിമയിലെതന്നെ ആദ്യ ട്രെയിന്‍ സോങ്,’ ഷിബു ചക്രവര്‍ത്തി പറയുന്നു.

Content Highlight: Shinu Chakravarthy talking about pichakapoo kavukalkku appuram song