ബീസ്റ്റ് മോഡ് ഓണ്‍; വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ
Film News
ബീസ്റ്റ് മോഡ് ഓണ്‍; വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th April 2022, 7:54 pm

ആരാധകര്‍ കാത്തിരുന്ന ചിത്രം ബീസ്റ്റ് ഏപ്രില്‍ 13 നാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും അഭിനയിച്ചിരുന്നു.

ഷൂട്ടിനിടയ്ക്ക് വിജയ്‌ക്കൊപ്പമെടുത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഷൈന്‍. ചിത്രത്തിലെ ഷൈന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബീസ്റ്റിലേക്ക് തന്നെ വിളിച്ചത് സംവിധായകന്‍ നെല്‍സണ്‍ ആണെന്നും എന്നാല്‍ തന്റെ സിനിമയൊന്നും കണ്ടിട്ടല്ല അദ്ദേഹം വിളിച്ചതെന്നും ഷൈന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വിജയ്ക്കൊപ്പമായിരുന്നു തന്റെ ആദ്യ രംഗമെന്നും ആ സീന്‍ എടുക്കുന്നതിന് തൊട്ടുമുന്‍പായി വിജയ് തന്റെ അടുത്ത് വന്ന് തന്നെ വലിയ രീതിയില്‍ രീതിയില്‍ കംഫര്‍ട്ട് ആക്കിയെന്നും ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ പറഞ്ഞു. വിജയ്‌യെ പോലെ ഒരു മഹാനടനൊപ്പം തമിഴിലെ തന്റെ അരങ്ങേറ്റം നടത്താനായത് വലിയ ഭാഗ്യമാണെന്നും ഷൈന്‍ ടോം പറഞ്ഞു.

അതേസമയം ബീസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിജയുടെ പ്രകടനത്തെ പുകഴ്ത്തിയ പ്രേക്ഷകര്‍ നെല്‍സന്റെ സംവിധാനത്തിലെ പാളിച്ചകളാണ് ചൂണ്ടിക്കാണിക്കുന്നത്.

അനിരുദ്ധിന്റെ ബി.ജി.എമ്മും പാട്ടുകളും ഗംഭീരമായി എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സണ്‍ പിക്ചേഴ്സിന്റ നിര്‍മാണത്തിലൊരുങ്ങിയ ചിത്രത്തില്‍ പൂജ ഹെഗ്ഡേയാണ് നായിക.

Content Highlight: shine tom chacko shares a photo with vijay