സംവിധായകന്‍ വിളിക്കുമ്പോള്‍ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ മോഹന്‍ലാല്‍ അഭിനയിക്കാന്‍ വരും: വിദ്യാ ബാലന്‍
Film News
സംവിധായകന്‍ വിളിക്കുമ്പോള്‍ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ മോഹന്‍ലാല്‍ അഭിനയിക്കാന്‍ വരും: വിദ്യാ ബാലന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th April 2022, 6:43 pm

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള താരങ്ങളിലൊരാളാണ് വിദ്യാ ബാലന്‍. വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള വിദ്യാ ബാലന്‍ മോഹന്‍ലാലിനൊപ്പവും ഒരു സിനിമ ചെയ്തിരുന്നു. ഇരുവരും ചക്രം എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചെങ്കിലും പുറത്തിറങ്ങിയിരുന്നില്ല.

ആ സിനിമയില്‍ അഭിയിച്ചുകൊണ്ടിരിക്കുമ്പോള്‍ താന്‍ വിലപ്പെട്ട ചില പാഠങ്ങള്‍ മോഹന്‍ലാലില്‍ നിന്നും പഠിച്ചുവെന്ന് വിദ്യാ ബാലന്‍ പറയുന്നു. മോഹന്‍ലാലിന്റെ അഭിനയ മികവില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന്, ഒരു അഭിനേതാവെന്ന നിലയില്‍ താന്‍ മോഹന്‍ലാലിനെ സ്‌നേഹിക്കുന്നു എന്നായിരുന്നു വിദ്യാ ബാലന്റെ മറുപടി.

ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിദ്യാ ബാലന്‍ മോഹന്‍ലാലുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘രണ്ടാഴ്ച ചക്രത്തിനായി വര്‍ക്ക് ചെയ്തു. ആറേഴ് ദിവസം ഷൂട്ടുണ്ടായിരുന്നു. ഒരു നടനെന്ന നിലയില്‍ മോഹന്‍ലാലിനെ സ്‌നേഹിക്കുന്നു. ചക്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് വാനപ്രസ്ഥവും, ചിത്രവും മോഹന്‍ലാലിന്റെ മറ്റ് സിനിമകളും കണ്ടിരുന്നു. അദ്ദേഹം എന്തൊരു നടനാണ്.

ഷൂട്ടിങ്ങിനിടയില്‍ സമയം കിട്ടിയാല്‍ പോലും മോഹന്‍ലാല്‍ അത് അദ്ദേഹത്തിന് വേണ്ടി ഉപയോഗിക്കില്ല. ഒരു പുസ്തകം വായിക്കുകയോ മറ്റെന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുകയോ ചെയ്യില്ല. പകരം സെറ്റിലെ എല്ലാവരോടൊപ്പം നിന്ന് ജോലികള്‍ ചെയ്യും. അത് ടേപ്പ് പിടിക്കുന്നതാകട്ടെ, ജോലിക്കാരെ സഹായിക്കുന്നതാകട്ടെ. അദ്ദേഹത്തെ പോലെ ഒരു വലിയ സൂപ്പര്‍ സ്റ്റാറിന് അത് ചെയ്യുമ്പോള്‍ അത് ഉള്‍ക്കൊള്ളണം.

സംവിധായകന്‍ ആക്ഷന്‍ പറയുമ്പോള്‍ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അദ്ദേഹം അഭിനയിക്കാന്‍ വരും, അദ്ദേഹത്തിന് ആ മാജിക്കാണ് വേണ്ടത്,’ വിദ്യാ ബാലന്‍ പറഞ്ഞു.

Content Highlight: vidhya balan about mohanlal