ഷറഫുദ്ദീന്‍, അപര്‍ണ ദാസ്, നൈല ഉഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രം ജൂണ്‍ 24നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ ജീവിതവും മറ്റുള്ളവരെ സഹായിക്കാനായി അദ്ദേഹം നടത്തുന്ന ഓട്ടപ്പാച്ചിലുമാണ് ചിത്രത്തിന്റെ പ്രേമയം.
ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് റിലീസിന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രം തിയേറ്ററില്‍ കണ്ട പ്രേക്ഷകര്‍ മമ്മൂട്ടിയുടെ അതിഥി വേഷം ആവേശത്തോടെയാണ് ഏറ്റെടുത്തതും.
ഇപ്പോഴിതാ ചിത്രത്തിലെ അതിഥി വേഷത്തിന് മമ്മൂട്ടിയോട് നന്ദി പറഞ്ഞിരിക്കുകയാണ് ഷറഫുദ്ദീന്‍. ‘പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി’ എന്നാണ് ഷറഫുദ്ദീന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ഷറഫുദ്ദീന്‍ പങ്കുവെച്ചിട്ടുണ്ട്.
