'പത്താന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ രണ്ടാം ഭാഗവും പ്രതീക്ഷിക്കാം': ഷാരൂഖ് ഖാന്‍
Entertainment news
'പത്താന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ രണ്ടാം ഭാഗവും പ്രതീക്ഷിക്കാം': ഷാരൂഖ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th June 2022, 6:51 pm

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പത്താന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാക്കും എന്നാണ് ഇപ്പോള്‍ ഷാരൂഖ് ഖാന്‍ തന്നെ പറഞ്ഞിരിക്കുന്നത്. സിനിമാ ജീവിതത്തില്‍ മൂപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തിയപ്പോഴാണ് ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയത്.

‘പത്താന്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഉറപ്പായും അതിന്റെ രണ്ടാം ഭാഗവും നിങ്ങളിലേക്ക് എത്തും’ എന്നാണ് ഷാരൂഖ് ലൈവില്‍ പറഞ്ഞത്. പത്താനില്‍ സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 30 വര്‍ഷത്തെ സിനിമാ ജീവിതം ആഘോഷമാക്കാന്‍ പത്താന്റെ പുതിയ പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു.  അടുത്ത വര്‍ഷം ജനുവരി 25നാണ് ചിത്രം എത്തുക. ഹിന്ദിയ്ക്ക് പുറമെ തമിഴ് , തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

View this post on Instagram

A post shared by Shah Rukh Khan (@iamsrk)


നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഷാരൂഖ് ആദ്യമായി നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ചിത്രത്തിനായി സംഗീത സംവിധാനം ചെയ്യാന്‍ ഏറെ സന്തോഷമുണ്ടെന്ന് അനിരുദ്ധ് ട്വിറ്ററില്‍ കുറിച്ചു. ജവാന്‍ 2023 ജൂണ് 2 നാണ് തിയേറ്ററുകളില്‍ എത്തുക.

Content Highlight : Sharukh khan Says pathan movie have second part