ഇത് വെറും ബോള്‍ട്ടല്ല, തണ്ടര്‍ ബോള്‍ട്ടാണ്; വിക്കറ്റിന് പിന്നാലെ വിക്കറ്റുമായി ട്രെന്റ് ബോള്‍ട്ട്; വീഡിയോ
Sports News
ഇത് വെറും ബോള്‍ട്ടല്ല, തണ്ടര്‍ ബോള്‍ട്ടാണ്; വിക്കറ്റിന് പിന്നാലെ വിക്കറ്റുമായി ട്രെന്റ് ബോള്‍ട്ട്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th June 2022, 6:03 pm

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ ഇംഗ്ലീഷ് പടയെ നിഷ്പ്രഭമാക്കി ന്യൂസിലാന്‍ഡിന്റെ പേസ് സെന്‍സേഷന്‍ ട്രെന്റ് ബോള്‍ട്ട്. ബോള്‍ട്ടിന്റെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇംഗ്ലണ്ടിന്റെ മുന്നേറ്റനിര കൂപ്പുകുത്തുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സിന് കിവീസ് 329 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിരയെ തന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും കൊണ്ടായിരുന്നു ബോള്‍ട്ട് നേരിട്ടത്.

അലക്‌സ് ലീസ്, ഒലി പോപ്, സാക്ക് ക്രാളി എന്നിവരാണ് ബോള്‍ട്ടിന്റെ പന്തിന്റെ ഇരകളായത്. ബോള്‍ട്ടിന് പുറമെ നീല്‍ വാഗ്നര്‍ രണ്ടും ടിം സൗത്തി ഒരു വിക്കറ്റും നേടിയതോടെ ആറിന് 55 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

ആദ്യ ഓവറിലെ നാലം പന്തിലായിരുന്നു ബോള്‍ട്ട് ഇംഗ്ലീഷ് നിരയെ ഞെട്ടിച്ചത്. ഇടംകയ്യന്‍ ബാറ്റര്‍ ലീസിനെ ഔട്ട് സ്വിങ്ങറിലൂടെ മടക്കിയതിന് ശേഷം മൂര്‍ച്ചയേറിയ രണ്ട് ഇന്‍സ്വിങ്ങറായിരുന്നു ക്രാളിക്കും പോപ്പിനും കരുതിവെച്ചത്.

മുന്‍നിര തകര്‍ന്നെങ്കിലും ഏഴാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയുടെയും ഓവര്‍ട്ടണിന്റെയും അപരാജിത ചെറുത്തുനില്‍പായിരുന്നു പിന്നീട് കണ്ടത്. 209 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. രണ്ടാം ദിനം ഇംഗ്ലണ്ട് 264/6 എന്ന നിലയിലാണ്.

ബെയര്‍‌സ്റ്റോയുടെ സെഞ്ച്വറിയാണ് ടീമിന് തുണയായത്. ടെസ്റ്റിലും ഏകദിനവും ടി-20യും കളിക്കുന്ന ബെയര്‍സ്‌റ്റോ 95 പന്തിലാണ് നൂറ് തികച്ചത്. നിലവില്‍ 126 പന്തില്‍ നിന്നും 130 റണ്‍സുമായാണ് താരം ക്രീസില്‍ നില്‍ക്കുന്നത്. 89 റണ്‍സുമായി ഓവര്‍ടണ്‍ മികച്ച പിന്തുണയായാണ് താരത്തിന് നല്‍കുന്നത്.

നേരത്തെ ഡാരില്‍ മിച്ചലിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലെത്തിയത്. മിച്ചല്‍ പരമ്പരയിലെ തന്റെ മൂന്നാം സെഞ്ച്വറി കണ്ടെത്തിയതോടെയാണ് ന്യൂസിലാന്‍ഡ് 329 എന്ന സ്‌കോറിലെത്തിയത്.

ആദ്യ രണ്ട് ടെസ്റ്റിലും ന്യൂസിലാന്‍ഡ് പരാജയപ്പടുകയും പരമ്പര നഷ്ടപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കിവീസിന് മുഖം രക്ഷിക്കാന്‍ മൂന്നാം ടെസ്റ്റ് ജയിക്കേണ്ടത് അനിവാര്യമാണ്.

 

Content Highlight:  Trent Boult On Fire, Knocks Stump After Stump On Day 2 Of England vs New Zealand 3rd Test