രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശരദ് പവാര്‍ ഇല്ല: എന്‍.സി.പി
national news
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശരദ് പവാര്‍ ഇല്ല: എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th June 2022, 3:41 pm

ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിക്ക് സമവായമുണ്ടാക്കാനുള്ള നീക്കങ്ങള്‍ക്കിടയിലാണ് ശരത് പവാര്‍ തന്റെ ഭാഗം വ്യക്തമാക്കിയത്.

‘ഞാന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകില്ല,’ അദ്ദേഹം പറഞ്ഞു. എന്‍.സി.പി കാബിനറ്റ് അംഗങ്ങള്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുംബൈയില്‍ എത്തിയപ്പോള്‍, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി പവാറിന്റെ പേര് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയിരുന്നു.
പവാറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് കൂടിയാലോചിച്ചിട്ടുണ്ടെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

പവാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും രാഷ്ട്രപതി ഭവനില്‍ തഴച്ചിടുന്നത് അദ്ദേഹം ആഗ്രിക്കുന്നുണ്ടാകില്ലെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ജൂണ്‍ 15നായിരിക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനമിറങ്ങുക. ജൂണ്‍ 29വരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാം. ജൂണ്‍ 30നായിരിക്കും സ്ഥാനാര്‍ത്ഥി വിവരങ്ങള്‍ സൂക്ഷമപരിശോധന ചെയ്യുക. ജൂലൈ രണ്ട് വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ അവസരമുണ്ട്. നിലവില്‍ ജൂലൈ 18ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. ദല്‍ഹിയില്‍ ജൂലൈ 21നായിരിക്കും വോട്ടെണ്ണല്‍ നടത്തുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കാനുന്നതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2017 ജൂലൈ 17-നാണ് അവസാനത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.

ലോക്‌സഭയിലെയും രാജ്യസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ദല്‍ഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്‌.

Content Highlight: sharad pawar won’t be contesting for rashtrapati elections