സൂര്യ സമ്മതിക്കില്ലെന്ന് വിചാരിച്ചു, റോളക്‌സിനെ അവതരിപ്പിക്കാന്‍ രണ്ട് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്: ലോകേഷ് കനകരാജ്
Film News
സൂര്യ സമ്മതിക്കില്ലെന്ന് വിചാരിച്ചു, റോളക്‌സിനെ അവതരിപ്പിക്കാന്‍ രണ്ട് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th June 2022, 2:46 pm

ഇന്ത്യ മുഴുവന്‍ തരംഗമായിരിക്കുകയാണ് കമല്‍ ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തിയ വിക്രം. ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേയ്ന്‍ എന്നിങ്ങനെ വലിയ താരനിര തന്നെ എത്തിയ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ സൂര്യയുമെത്തിയിരുന്നു. റോളക്‌സ് എന്ന വില്ലന്‍ വേഷമാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചത്.

സൂര്യയുടെ റോളക്‌സ് തിയേറ്ററിലുണ്ടാക്കിയ ഓളം ചില്ലറയൊന്നുമല്ലായിരുന്നു. റോളക്‌സ് എന്ന കഥാപാത്രത്തെ പറ്റി സൂര്യയോട് പറഞ്ഞപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ലോകേഷ്. വിക്രത്തിന്റെ കേരളത്തിലെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് ലോകേഷും അനിരുദ്ധ് രവിചന്ദറും തൃശ്ശൂരിലെത്തിയിരുന്നു. തൃശ്ശൂരില്‍ നടന്ന പ്രസ് മീറ്റില്‍ ലോകേഷ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

‘അടുത്ത സിനിമയില്‍ റോളക്‌സിന്റെ കഥാപാത്രം എങ്ങനെ മാറുമെന്ന് എനിക്ക് പറയാനാവില്ല. ദില്ലിയുടെ ഒരു വികസിച്ച കഥാപാത്രത്തെ എന്തായാലും കാണാനാവും. റോളക്‌സിന്റെ കഥാപാത്രത്തെ പറ്റി പറയാന്‍ പോയപ്പോള്‍ സൂര്യ അത് ചെയ്യില്ലെന്നാണ് വിചാരിച്ചത്. എന്നാല്‍ ആ കഥാപാത്രത്തെ പറ്റി പറഞ്ഞ് ഒരു ദിവസത്തിനുള്ളില്‍, രാത്രി തന്നെ അദ്ദേഹം യെസ് പറഞ്ഞു.

പ്രധാനമായും രണ്ട് കാര്യങ്ങളാണ് സൂര്യ പറഞ്ഞത്. കമല്‍ സാറിന്റെ വലിയ ഫാനായത് കൊണ്ട് അദ്ദേഹത്തിനെതിരെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് സൂര്യയെ പറഞ്ഞുമനസിലാക്കാന്‍ പാടുപെട്ടു.

രണ്ട്, അദ്ദേഹത്തിന് തന്നെ ഒരു മാറ്റം വേണമായിരുന്നു. വ്യത്യസ്തതയുള്ള കഥാപാത്രം വേണമെന്ന് അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ചിന്തിച്ചിട്ട് ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ചെയ്യുക എന്ന് സൂര്യ തന്നെ എന്നോട് പറഞ്ഞു. അങ്ങനെ റോളക്‌സ് എന്ന കഥാപാത്രം ചെയ്യാമെന്ന് സമ്മതിച്ചു. മൂന്നാം ഭാഗത്തില്‍ ശക്തനായ കഥാപാത്രമായി സൂര്യയും ഉണ്ടാവും,’ ലോകേഷ് പറഞ്ഞു.

Content Highlight: Lokesh shares his experience when he told Surya about the role of Rolex