'കൂപ്പുകുത്തുന്ന സമ്പദ്‌വ്യവസ്ഥയേയും, കുതിച്ചുയരുന്ന തൊഴിലില്ലായ്മയേയും ചോദ്യം ചെയ്തതും രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഗാന്ധിയെ ബി.ജെ.പിക്ക് ഭയമാണ്': രണ്‍ദീപ് സിങ് സുര്‍ജേവാല
national news
'കൂപ്പുകുത്തുന്ന സമ്പദ്‌വ്യവസ്ഥയേയും, കുതിച്ചുയരുന്ന തൊഴിലില്ലായ്മയേയും ചോദ്യം ചെയ്തതും രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഗാന്ധിയെ ബി.ജെ.പിക്ക് ഭയമാണ്': രണ്‍ദീപ് സിങ് സുര്‍ജേവാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th June 2022, 2:16 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല. രാഹുല്‍ ഗാന്ധിയെ ബി.ജെ.പിക്ക് ഭയമാണെന്നും, രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ബി.ജെ.പിക്ക് ഉത്തരംമുട്ടുമെന്നും സുര്‍ജേവാല പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയുടെ ശബ്ദത്തെ എന്തിനാണ് ബി.ജെ.പി സര്‍ക്കാര്‍ ഭയക്കുന്നത്? ചൈനയുടെ നുഴഞ്ഞുകയറ്റവും, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ചോദ്യം ചെയ്തത് രാഹുല്‍ ഗാന്ധിയാണ്. ചോദ്യം ചെയ്തിട്ടുപോലും വിഷയത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

രാജ്യത്ത് നിലനില്‍ക്കുന്ന പണപ്പെരുപ്പവും, പെട്രോള്‍ ഡീസല്‍ വിലവര്‍ധനവും എല്ലാം രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തിരുന്നു. ഇതൊക്കെ തന്നെയാണ് കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും രാഹുല്‍ ഗാന്ധിയോടുള്ള പ്രശ്‌നം. കൂപ്പുകുത്തുന്ന സമ്പദ്‌വ്യവസ്ഥയേയും, കുതിച്ചുയരുന്ന തൊഴിലില്ലായ്മയേയും ചോദ്യം ചെയ്തതും രാഹുല്‍ ഗാന്ധിയാണ്. ഇതാണ് കേന്ദ്രത്തിന്റെ പ്രശ്‌നം’ സുര്‍ജേവാല പറഞ്ഞു.

വയനാട് എം.പി കൂടിയായ രാഹുല്‍ രാജ്യത്തെ കൊവിഡ് പരിപാലനത്തില്‍ വന്ന വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയെന്നും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സുര്‍ജേവാല പറഞ്ഞു.

75 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് രാജ്യത്ത് തൊഴിലില്ലായ്മക്കെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ഇ.ഡി രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ സുര്‍ജേവാല, ജെബി മേത്തര്‍ എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കളെ പൊലീസും സി.ആര്‍.പി.എഫുമടങ്ങിയ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ ദിവസം 10മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇ.ഡി രാഹുല്‍ ഗാന്ധിയെ വിട്ടയച്ചത്.

Content highlight: Surjewala says bjp is afraid of rahul gandhi