മലയാള നടന്മാരില്‍ അധികമാരും ഡാന്‍സ് ചെയ്യാത്ത കാലം; അന്ന് റിഹേഴ്‌സലില്ലാതെ ലാല്‍ സാര്‍ അത് ചെയ്തു: ശാന്തി മാസ്റ്റര്‍
Entertainment
മലയാള നടന്മാരില്‍ അധികമാരും ഡാന്‍സ് ചെയ്യാത്ത കാലം; അന്ന് റിഹേഴ്‌സലില്ലാതെ ലാല്‍ സാര്‍ അത് ചെയ്തു: ശാന്തി മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th June 2025, 6:46 pm

മലയാളത്തിലും തമിഴിലും സജീവമായി വര്‍ക്ക് ചെയ്യുന്ന കൊറിയോഗ്രാഫറാണ് ശാന്തി മാസ്റ്റര്‍. 1982ല്‍ ഒരു ഗ്രൂപ്പ് ഡാന്‍സറായിട്ടാണ് സിനിമയില്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് 1986 മുതല്‍ ഇന്‍ഡിപെന്‍ഡന്റ് കൊറിയോഗ്രാഫറായി മാറുകയായിരുന്നു.

ശേഷം 42ല്‍ അധികം വര്‍ഷങ്ങള്‍ കൊണ്ട് ആയിരത്തില്‍ അധികം സിനിമകള്‍ക്ക് വേണ്ടി ശാന്തി പ്രവര്‍ത്തിച്ചു. മോഹന്‍ലാല്‍ നായകനായ കമലദളം, ഭരതം എന്നീ സിനിമകളില്‍ നടന് വേണ്ടി കൊറിയോഗ്രാഫ് ചെയ്തതും ശാന്തി മാസ്റ്ററായിരുന്നു.

ഇരുചിത്രങ്ങളിലെയും മോഹന്‍ലാലിന്റെ ഡാന്‍സിനെ കുറിച്ച് പറയുകയാണ് ശാന്തി. ഭരതം സിനിമയിലായിരുന്നു തുടക്കമെന്നും അതൊരു എക്‌സ്പിരമെന്റല്‍ അപ്രോച്ചായിരുന്നുവെന്നും മാസ്റ്റര്‍ പറയുന്നു. ആര്‍.ജെ ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാന്തി മാസ്റ്റര്‍.

മലയാളത്തിലെ നടന്മാരില്‍ അധികമാരും ഡാന്‍സ് ചെയ്യാത്ത കാലമായിരുന്നു അതെന്നും മോഹന്‍ലാല്‍ വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുമെന്നും അവര്‍ പറഞ്ഞു. റിഹേഴ്‌സല്‍ ഇല്ലാതെയാണ് അദ്ദേഹം ചെയ്തതെന്നും അത്രയും മികച്ച ഒബ്‌സര്‍വേഷനാണെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.

ഭരതം എന്ന സിനിമയിലായിരുന്നു തുടക്കം. ‘ഗോപാഗനെ’ എന്ന പാട്ടിന് വേണ്ടി ആയിരുന്നു ലാല്‍ സാര്‍ ഡാന്‍സ് ചെയ്തത്. അത് സത്യത്തില്‍ ഒരു എക്‌സ്പിരമെന്റല്‍ അപ്രോച്ചായിരുന്നു. സാറിന് അങ്ങനെയൊരു ക്ലാസിക്കല്‍ അറ്റയര്‍ കൊടുത്തു.

അപ്പോള്‍ മലയാളം ആക്ടേഴ്‌സില്‍ അധികമാരും ഡാന്‍സ് ചെയ്യാറില്ലായിരുന്നു. ആ കാലഘട്ടത്തില്‍ അങ്ങനെ ആയിരുന്നു. ലാല്‍ സാര്‍ ഡാന്‍സ് ചെയ്യാന്‍ ഒരുപാട് കംഫേര്‍ട്ടബിളായിരുന്നു. ഞാന്‍ ഒരുപാട് ഇന്റര്‍വ്യൂകളില്‍ ലാല്‍ സാര്‍ എങ്ങനെയുള്ള ആളാണെന്ന് പറഞ്ഞിട്ടുണ്ട്. സാര്‍ വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കും.

ഭരതം സിനിമയില്‍ സാര്‍ ഡാന്‍സ് ചെയ്തത് കൊണ്ടാണ് കമലദളം എന്ന പടത്തിലും ഡാന്‍സ് ചെയ്യിക്കാമെന്ന ഐഡിയ വരുന്നത്. റിഹേഴ്‌സല്‍ ഇല്ലാതെ വളരെ കറക്ടായി തന്നെ സാര്‍ അത് ചെയ്തു. ലാല്‍ സാറിന് അത്രയും ഒബ്‌സര്‍വേഷനാണ്. അദ്ദേഹം എല്ലാ കാര്യങ്ങളും നോക്കും,’ ശാന്തി മാസ്റ്റര്‍ പറയുന്നു.


Content Highlight: Shanti Master Talks About Bharatham, Kamaladhalam Movies And Mohanlal’s Dance