രണ്ടാം ആഴ്ച ആറ് തിയേറ്ററുകളില്‍ നിന്നും ആ മോഹന്‍ലാല്‍ ചിത്രം എടുത്തുകളഞ്ഞു: ശങ്കര്‍
Entertainment
രണ്ടാം ആഴ്ച ആറ് തിയേറ്ററുകളില്‍ നിന്നും ആ മോഹന്‍ലാല്‍ ചിത്രം എടുത്തുകളഞ്ഞു: ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th May 2025, 8:45 am

1980കളില്‍ ഏറെ താര പരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കര്‍. മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമാണ് ശങ്കര്‍ മലയാള സിനിമയില്‍ എത്തുന്നത്. ആ കാലത്ത് മോഹന്‍ലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച സിനിമകളൊക്കെ മലയാളത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ ഒരു തലൈ രാഗം, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്നീ സിനിമകളെ കുറിച്ച് പറയുകയാണ് ശങ്കര്‍. എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമ ഇറങ്ങിയ സമയം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. സിനിമ വന്നിട്ട് രണ്ടാമത്തെ ആഴ്ച ആയപ്പോഴേക്കും ആറ് തിയേറ്ററുകളില്‍ നിന്ന് പടം എടുത്തു കളഞ്ഞു. കാണാന്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ ആയിരുന്നു അങ്ങനെ ചെയ്തത്.

പക്ഷെ രണ്ടാമത്തെ ആഴ്ച കഴിഞ്ഞതും ആ സിനിമ കയറി തുടങ്ങി. അതോടെ തിയേറ്ററുകാര്‍ വന്ന് പടം വീണ്ടുമെടുത്തു. പക്ഷെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ പിന്നില്‍ വലിയ ഒരു ബാനറുണ്ടായിരുന്നു. നവോദയ പ്രൊഡക്ഷന്‍സാണ് അന്ന് ആ സിനിമ ചെയ്തത്.

എന്നാല്‍ എന്റെ ആദ്യ സിനിമയായ ഒരു തലൈ രാഗം അങ്ങനെ ആയിരുന്നില്ല. അന്ന് ആ സിനിമക്ക് ആരും ഉണ്ടായിരുന്നില്ല. അതിന്റെ പോസ്റ്റര്‍ കണ്ടാല്‍ ആ പടത്തിന് ആരും കയറില്ലായിരുന്നു. അത്ര ഫണ്ട് മാത്രമേ അതിന് ഉണ്ടായിരുന്നുള്ളൂ. അന്ന് എനിക്ക് 20 വയസായിരുന്നു,’ ശങ്കര്‍ പറയുന്നു.


Content Highlight: Shankar Talks About Mohanlal’s Manjil Virinja Pookkal Movie