പുലിമുരുകനിലെ ഡബ്ബിങ്ങിനായി മൂന്ന് ലക്ഷം വാഗ്ദാനം ചെയ്തു, വേറെ ആളെ വെച്ചോളാന്‍ പറഞ്ഞു: ഷമ്മി തിലകന്‍
Film News
പുലിമുരുകനിലെ ഡബ്ബിങ്ങിനായി മൂന്ന് ലക്ഷം വാഗ്ദാനം ചെയ്തു, വേറെ ആളെ വെച്ചോളാന്‍ പറഞ്ഞു: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th November 2022, 7:21 pm

പുലിമുരുകന്‍ ഡബ്ബ് ചെയ്യാനായി തനിക്ക് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഷമ്മി തിലകന്‍. എന്നാല്‍ ഇനി അന്യഭാഷയില്‍ നിന്നുമുള്ള നടന്മാര്‍ക്ക് ഡബ്ബ് ചെയ്യില്ലെന്ന് തീരുമാനിച്ചെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി പറഞ്ഞു.

‘എന്റെ വോയ്‌സ് എനിക്കുള്ളതാണ്. അതിനി വേറെ ഒരാള്‍ക്ക് കൊടുക്കാന്‍ വയ്യ. പുലിമുരുകനില്‍ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിനായി ഡബ്ബ് ചെയ്യാന്‍ വേണ്ടി അന്ന് മൂന്ന് ലക്ഷം രൂപ എനിക്ക് വാഗ്ദാനം ചെയ്തതാണ്. ഞാന്‍ ചെയ്യില്ല വേറെ ആളെ വെച്ച് ചെയ്യാന്‍ പറഞ്ഞു. എന്റെ വോയ്‌സ് എനിക്കുള്ളതാണ്. അതിനി വേറെ ഒരാള്‍ക്ക് വയ്യ.

കസ്തൂരിമാന്‍ സിനിമയുടെ തമിഴ് റീമേക്കില്‍ എന്റെ കഥാപാത്രത്തെ ഞാന്‍ തന്നെയാണ് അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന് പകരം മറ്റൊരു ഹീറോ ആയിരുന്നു. ഒരു ആവേശത്തിന് ഞാന്‍ തന്നെ പോയി.

തമിഴില്‍ നിന്നും പ്രകാശ് രാജടക്കമുള്ള പല നടന്മാര്‍ക്കും ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ പടം അവിടെ ചെന്നപ്പോള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ഒറ്റയൊരുത്തനും തയാറായില്ല, അതെന്തുകൊണ്ടാണ്. ആരും വരാതായപ്പോള്‍ വളരെ ജൂനിയറായ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കൊണ്ട് ചെയ്യിക്കുകയായിരുന്നു. അത് എന്നോട് കാണിച്ച അനീതിയല്ലേ. ഷമ്മി നമുക്ക് അവിടെ ഡബ്ബ് ചെയ്ത് എക്‌സ്‌പോഷര്‍ തന്ന ആളാണ് എന്ന് അവര്‍ ചിന്തിക്കേണ്ടതല്ലേ.

അത് അവര്‍ക്കും ആകാമായിരുന്നു. ഇവന്മാര്‍ എനിക്ക് ചെയ്തില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ഇവന്മാര്‍ക്ക് ചെയ്യുന്നത്. എബിസിഡി എന്ന് ഡയലോഗ് പറഞ്ഞിട്ട് പോകും. മലയാളം ഇവന്റെയൊന്നും വായില്‍ വരില്ല. അതിനെ പിന്നെ ഡയലോഗാക്കി അതിന്റെ ഭാവത്തില്‍ ചെയ്യുന്നതാണ് എന്റെ ജോലി. എനിക്ക് സ്വന്തമായി ഡബ്ബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് ഡബ്ബ് ചെയ്യുന്നത്.

അതില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത് ദേവാസുരത്തിലെ നെപ്പോളിയനാണ്. മുഴുവന്‍ പൊട്ടത്തെറ്റായ ഡയലോഗാണ് പറഞ്ഞുവെച്ചിരിക്കുന്നത്. അതിന്റെ പേരില്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടറുമായി വഴക്കായി. കാരണം അവര്‍ക്ക് ലിപ് സിങ്കായി കിട്ടണം. ലിപ് സിങ്കായില്ലെങ്കില്‍ മോഡുലേഷന്‍ കറക്ടാവില്ല. ഭാവം വരുത്താന്‍ പറ്റില്ല. അപ്പോള്‍ പിന്നെ കുറച്ച് കോമ്പ്രമൈസ് ചെയ്തു. പക്ഷേ ആളുകള്‍ അത് ശ്രദ്ധിക്കില്ല. ഒരു സെക്കന്റല്ലേ ഫ്രെയിം പോവത്തുള്ളൂ. എന്തായാലും ആളുകള്‍ റിവൈന്‍ഡ് അടിച്ച് കാണാന്‍ പോവുന്നില്ലല്ലോ. ആ ഫ്‌ളോയില്‍ അങ്ങ് പോയാല്‍ ആളുകള്‍ കേട്ടിരുന്നോളും,’ ഷമ്മി തിലകന്‍ പറഞ്ഞു.

Content Highlight: shammy thilakan says he refused an offer from pulimurugan