ഒ.ടി.ടിയില്‍ കാണുന്നവരാണ് സിനിമയെ നശിപ്പിക്കുന്നത്; ആളുകളുടെ വിചാരം സിനിമയെ ഹിറ്റാക്കുന്നത് പ്രൊമോഷനാണെന്നാണ്: ഷൈന്‍ ടോം ചാക്കോ
Entertainment news
ഒ.ടി.ടിയില്‍ കാണുന്നവരാണ് സിനിമയെ നശിപ്പിക്കുന്നത്; ആളുകളുടെ വിചാരം സിനിമയെ ഹിറ്റാക്കുന്നത് പ്രൊമോഷനാണെന്നാണ്: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th November 2022, 6:24 pm

വലിയ സ്‌ക്രീനില്‍ തിയേറ്ററില്‍ വെച്ച് സിനിമ കണ്ടത് കൊണ്ടാണ് തനിക്ക് ഒരു നടനാകാന്‍ കഴിഞ്ഞതെന്ന് ഷൈന്‍ ടോം ചാക്കോ. ഇന്ന് ഒ.ടി.ടി വന്നതോടെ ആളുകള്‍ സിനിമയെ നശിപ്പിക്കുകയാണെന്നും ഷൈന്‍ പറഞ്ഞു.

സിനിമ ഹിറ്റാവുന്നത് പ്രൊമോഷന്‍ ചെയ്തതിന്റെ ഫലമാണെന്നാണ് ആളുകളുടെ ധാരണയെന്നും പണ്ട് ഒരൊറ്റ പോസ്റ്റര്‍ മാത്രം വെച്ചിട്ടാണ് താനൊക്കെ പടം കണ്ടതെന്നും ഷൈന്‍ പറഞ്ഞു. മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”വലിയ സ്‌ക്രീനില്‍ ആളുകളുടെ ഇമോഷനും വയലന്‍സും കണ്ടത് കൊണ്ടാണ് എനിക്ക് ആക്ടറാവാന്‍ കഴിഞ്ഞത്. ഒ.ടി.ടിയില്‍ ആണ് പടം കണ്ട് വളര്‍ന്നതെങ്കില്‍ ഒരു ഇന്‍സ്പിറേഷനും ഉണ്ടാവില്ല. മൊബൈലിലെ പല ആപ്പുകളില്‍ ഒരു ആപ്പ് മാത്രമായിട്ട് ഒ.ടി.ടി കിടക്കും.

അത്രയും വലിയ സ്‌ക്രീനില്‍ ഒരാള്‍ വിതുമ്പുന്നതും ഗര്‍ജിക്കുന്നതും കണ്ടത് കൊണ്ടാണ് ആക്ടറാകാന്‍ കഴിയുന്നത്. കാണുക മാത്രമല്ല അതെല്ലാം വീട്ടില്‍ നമ്മള്‍ ട്രൈ ചെയ്യുന്നുമുണ്ട്. മൊബൈലില്‍ കണ്ട ഏതെങ്കിലും സിനിമ ട്രൈ ചെയ്യുമോ.

തിയേറ്ററിലേത് പോലെ അത്രയും വലിയ കാഴ്ച വേറെ എവിടെയും ഇല്ല. അതാണ് ഇപ്പോള്‍ നശിപ്പിച്ച് കൊണ്ടിരിക്കുന്നത്. പൊന്‍മുട്ട ഇടുന്ന താറാവിനെ വളര്‍ത്തിയവരാണ് (ഒ.ടി.ടി) നശിപ്പിച്ച് കൊണ്ടിരിക്കുന്നത്. അതൊക്കെ ഇപ്പോള്‍ വന്നതല്ലെ. ചില ആളുകളുടെ വിചാരം സിനിമ മൊത്തം ഹിറ്റായത് പ്രൊമോഷന്‍ ചെയ്തിട്ടാണെന്നാണ്.

പണ്ടൊക്കെ ഒരു പോസ്റ്റര്‍ മാത്രം വെച്ചിട്ടാണ് നമ്മള്‍ പടം കാണാന്‍ പോയത്. ഒരൊറ്റ പോസ്റ്ററിന്റെ ബലത്തിലാണ് നമ്മള്‍ ഒക്കെ പടം കണ്ടിരുന്നത്. ആദ്യ കാലത്ത് ഒക്കെ താരങ്ങള്‍ ചെയ്തത് ഇമിറ്റേറ്റ് ചെയ്ത് അഭിനയിക്കലായിരുന്നു. പിന്നെ ആള്‍ക്കാര്‍ പറയാന്‍ തുടങ്ങും കുറേ കാലമായല്ലോ നീ ഇത് തന്നെ കാണിക്കുന്നുവെന്ന്. അപ്പോള്‍ ഇനി എന്താണ് സ്വന്തം ചെയ്യാന്‍ പറ്റുകയെന്ന് ചിന്തിച്ച് തുടങ്ങും,” ഷൈന്‍ ടോം പറഞ്ഞു.

മമ്മൂട്ടി നായകനാവുന്ന ക്രിസ്റ്റഫറാണ് ഷൈനിന്റെ പുറത്തിറങ്ങാനുള്ള അടുത്ത സിനിമ. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് ഉദയ്കൃഷ്ണനാണ്. ഷൈനിനും മമ്മൂട്ടിക്കും പുറമെ ഐശ്വര്യ ലക്ഷ്മി, അമല പോള്‍, നിതിന്‍ തോമസ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

content highlight: actor shine tom chakko about o.t.t release