ജിനു വി. എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയ ചിത്രത്തില്‍ വിവേക് ഒബ്റോയ്, സംയുക്ത, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്.
പൃഥ്വിരാജ് വിളിച്ചാണ് തന്നോട് കടുവ ചെയ്യാന്‍ പറഞ്ഞതെന്ന് ഷാജി കൈലാസ് പറയുന്നു. ഈ ജനറേഷനിലെ സൂപ്പര്‍സ്റ്റാറാണ് പൃഥ്വിരാജ് എന്നും അദ്ദേഹം വിളിച്ചാല്‍ പറ്റില്ലെന്ന് പറയുന്നത് എങ്ങനെയാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.
‘തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ കയ്യില്‍ ഒരു സബ്ജക്ട് ഉണ്ട്. കേള്‍ക്കണമെന്ന് പറഞ്ഞ് പൃഥ്വിരാജ് ആണ് വിളിച്ചത്. ‘ഷാജി ചേട്ടന്‍ ഈ സിനിമ ചെയ്ത് തിരിച്ചു വരണമെന്നാണ് എന്റെ ആഗ്രഹം. ഓക്കെ ആണെങ്കില്‍ ഞാന്‍ തന്നെ നിര്‍മിക്കാം’ രാജു പറഞ്ഞു. ഈ ജനറേഷനിലെ സൂപ്പര്‍സ്റ്റാര്‍ ആണല്ലോ അദ്ദേഹം. രാജു വിളിച്ചാല്‍ ചെയ്യാതിരിക്കുന്നത് എങ്ങനെയാണ്.
ജനങ്ങളുടെ പള്‍സും അറിയാം. അത്ര ഉറപ്പോടെ പറയുമ്പോള്‍ എനിക്കും ആത്മവിശ്വാസമായി. ‘തൊണ്ണൂറുകളില്‍ ചേട്ടന്‍ ചെയ്തതു പോലെ ഒരു സിനിമ.’ അതായിരുന്നു രാജുവിന്റെ ആവശ്യം. അതുതന്നെ ഞാന്‍ ചെയ്തു. സിനിമ എന്റര്‍ടെയ്ന്‍മെന്റ് ആണെങ്കില്‍ ആ വിഭാഗത്തിലാണ് ഈ സിനിമ പെടുന്നത്, മറ്റൊരു അവകാശവാദവുമില്ല. ഇത് തനി അടിപ്പടമാണ്.
കടുവയെ കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോള്‍ പലര്‍ക്കും സംശയമുണ്ടായി. പക്ഷേ, മാസ് പടം എന്ന ലേബലിന് ഇപ്പോഴും മൂല്യമുണ്ടെന്ന് തിരിച്ചറിഞ്ഞില്ലേ? എല്ലാം അതിജീവിച്ചു കൊണ്ട് ജനം അത് ഏറ്റെടുത്തില്ലേ? ആക്ഷന്‍ സിനിമകള്‍ കാണാന്‍ ആളുണ്ടെന്ന് തിരിച്ചറിഞ്ഞു.
മാസ് പടം കാണുമ്പോള്‍ പ്രേക്ഷകന് കിട്ടുന്ന ഊര്‍ജമുണ്ട്. ഏത് കാലത്തും അത് ഒരുപോലെയാണ്. അതുകൊണ്ടല്ലേ കെ.ജി.എഫും വിക്രമും എല്ലാം തിയേറ്ററുകളില്‍ വിജയമായത്. കമ്മീഷണറും കിങ്ങുംആറാംതമ്പുരാനുമെല്ലാം പ്രേക്ഷകര്‍ക്കൊപ്പം ഇരുന്നു കണ്ടപ്പോള്‍ കേട്ട കയ്യടി കടുവയുടെ കാലത്തും കേള്‍ക്കാനായി,’ ഷാജി കൈലാസ് പറയുന്നു.