കടുവയിറങ്ങുന്നു; ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് ഷാജി കൈലാസ്
Film News
കടുവയിറങ്ങുന്നു; ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th November 2021, 12:38 pm

 

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഹിറ്റ്‌മേക്കര്‍ ഷാജി കൈലാസ് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. പൃഥ്വിരാജ് നായകനാവുന്ന കടുവ എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് തിരിച്ചു വരവിനൊരുങ്ങുന്നത്.

ഇപ്പോഴിതാ കടുവയിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. പൃഥ്വിരാജിനും വിവേക് ഒബ്‌റോയിക്കും ഒപ്പമുള്ള ചിത്രമാണ് ഷാജി കൈലാസ് പങ്കുവെച്ചിട്ടുള്ളത്.

‘ഞാന്‍ എല്ലാത്തിനേയും ആഴത്തില്‍ നോക്കിക്കാണുന്ന ഒരാളാണ്. കാരണം കണ്ണിന് കാണാവുന്നതിനുമപ്പുറം ഒരുപാടുണ്ട് എന്ന കാര്യം ചെറുപ്പത്തില്‍ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു,’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിട്ടുള്ളത്.

ഷൂട്ടിംഗിനു മുന്‍പേ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്ന ചിത്രമായിരുന്നു കടുവ.

നേരത്തെ സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി പ്രഖ്യാപിച്ച സിനിമ ‘കടുവ’യുടെ കഥയും കഥാപാത്രത്തെയും പകര്‍ത്തിയതാണ് ഈ ചിത്രമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് കടുവയുടെ തിരക്കഥ ഒരുക്കിയ സംവിധായകന്‍ ജിനു എബ്രഹാം കോടതിയെ സമീപിച്ചു. കേസില്‍ കോടതി ഇടക്കാല സ്റ്റേ അനുവദിക്കുകയും എറണാകുളം ജില്ലാ കോടതി സ്റ്റേ സ്ഥിരപ്പെടുത്തുകയും ചെയ്തു.

കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രം മാത്യൂസ് തോമസായിരുന്നു സംവിധാനം ചെയ്യാനിരുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ചായിരുന്നു കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shaji Kailas shares location picture of Kaduva