ഒറ്റ നോട്ടത്തില്‍ പൈററ്റ്‌സ് ഓഫ് കരീബിയന്‍ തന്നെ; മരക്കാര്‍ ടീസറിന്റെ റിയാക്ഷന്‍ വീഡിയോയുമായി പാക് ദമ്പതികള്‍
Entertainment news
ഒറ്റ നോട്ടത്തില്‍ പൈററ്റ്‌സ് ഓഫ് കരീബിയന്‍ തന്നെ; മരക്കാര്‍ ടീസറിന്റെ റിയാക്ഷന്‍ വീഡിയോയുമായി പാക് ദമ്പതികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th November 2021, 11:45 am

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബര്‍ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. റിലീസിന് മുന്നോടിയായി ബുധനാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ ടീസറിന്റെ റിയാക്ഷന്‍ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ദമ്പതികള്‍. റിയാക്ഷന്‍സ് ഓഫ് സുലൈമാന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവര്‍ വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്.

ഒറ്റ നോട്ടത്തില്‍ ചിത്രം പൈററ്റ്‌സ് ഓഫ് കരീബിയന്‍ പോലെയുണ്ടെന്നും മികച്ച വിഷ്വല്‍ ട്രീറ്റാണ് ടീസര്‍ സമ്മാനിച്ചതെന്നുമാണ് അവര്‍ പറയുന്നത്. ടീസര്‍ കാണുമ്പോള്‍ സിനിമ കാണാനുള്ള ഹൈപ് കൂടുകയാണെന്നും അവര്‍ പറയുന്നു.

പ്രിയദര്‍ശന്‍ മികച്ച സംവിധായകനാണെന്നും, ബോളിവുഡില്‍ മികച്ച ഒരുപാട് സിനിമകള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

റിയാക്ഷന്‍ വീഡിയോയ്ക്ക് പിന്നാലെ ഒട്ടേറെ കമന്റുകളും എത്തുന്നുണ്ട്. വീഡിയോയുടെ കമന്റ് ബോക്‌സില്‍ മലയാളി ആരാധകരുടെ ആറാട്ടാണ്.

ചിത്രത്തിന്റെ ടീസറിനെ അഭിനന്ദിച്ച് ഫേസ്ബുക്കും രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഫേസ്ബുക്കിന്റെ കമന്റ്. ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, എന്തൊരു എപിക്ക് ടീസറാണിതെന്നായിരുന്നു ഫേസ്ബുക്കിന്റെ കമന്റ്.

സൈന മൂവീസിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ വഴിയായിരുന്നു വീഡിയോ റിലീസ് ചെയ്തത്.

ആരേയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന യുദ്ധരംഗങ്ങളും സംഘട്ടനങ്ങളുമാണ് ടീസറില്‍ ഉള്ളത്.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അറുന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pakistan couples reacts to the teaser of Marakkar