വെസ്റ്റ് ഇന്ഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരത്തില് ഇന്ത്യ പരാജയപ്പെട്ടിരുന്നു. 24 റണ്സിനാണ് വെസ്റ്റ് ഇന്ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
തുടര്ന്ന് ആദ്യം ബാറ്റ് ചെയ്ത വിന്ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില് 247 റണ്സിന്റെ കൂറ്റന് ടോട്ടലാണ് ഇന്ത്യക്കെതിരെ ഉയര്ത്തിയത്. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ ഇന്നിങ്സ് 19.3 ഓവറില് 223 റണ്സില് അവസാനിക്കുകയായിരുന്നു. അവസാന വിക്കറ്റും കയ്യില് പിടിച്ച് ബാറ്റ് ചെയ്ത ഇന്ത്യ, അര്ഷ്ദീപ് സിങ്ങിന്റെ റിട്ടയേഡ് ഹേര്ട്ടോടെ തോല്വി സമ്മതിക്കുകയായിരുന്നു.
ക്യാപ്റ്റന് ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്ഡീസ് വമ്പന് സ്കോറിലെത്തിയത്. ബാക് ടു ബാക് സിക്സര് പറത്തി നേരിട്ട 50ാം പന്തില് പുറത്താകാതെ 102* റണ്സാണ് ഹോപ്പ് അടിച്ചെടുത്തത്. 204.00 എന്ന പ്രഹര ശേഷിയില് ഒമ്പത് സിക്സും നാല് ഫോറും ഉള്പ്പെടെയാണ് ഹോപ്പ് സെഞ്ച്വറി പൂര്ത്തിയാക്കിയത്. അന്താരാഷ്ട്ര ടി-20യില് താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണിത്.
Captain FANTASTIC. ✨🤩 The first West Indian with 3️⃣ T20I 💯s. 🔥 #INDvWI | #MenInMaroon https://t.co/N2Y7JGUUxF
— Windies Cricket (@windiescricket) October 14, 2026
ഇതോടെ ഒരു വമ്പന് റെക്കോഡ് സ്വന്തമാക്കാനും ഹോപ്പിന് സാധിച്ചിരിക്കുകയാണ്. സന്ദര്ശക താരം എന്ന നിലയില് ഇന്ത്യയില് ഏറ്റവും കൂടുതല് സെഞ്ച്വറികള് നേടുന്ന താരമാകാനാണ് ഷായ് ഹോപ്പിന് സാധിച്ചത്. എട്ട് തവണയാണ് ഹോപ്പ് ഇന്ത്യയില് സെഞ്ച്വറി നേടിയത്.
ഈ നേട്ടത്തില് പ്രോട്ടിയാസ് ഇതിഹാസതാരങ്ങളായ ക്വിന്റണ് ഡി കോക്ക്, എ.ബി. ഡി വില്ലിയേഴ്സ് എന്നിവര്ക്കൊപ്പമെത്താനും ഷായ് ഹോപ്പിന് കഴിഞ്ഞു. ലിസ്റ്റില് രണ്ടാം സ്ഥാനത്ത് യൂണിവേഴ്സല് ബോസ് ക്രിസ് ഗെയിലും (7 തവണ) മൂന്നാം സ്ഥാനത്ത് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങുമാണ് (6 തവണ) നിലയുറപ്പിച്ചത്.
മത്സരത്തില് ഇന്ത്യ പരാജയപ്പെട്ടെങ്കിലും സഞ്ജു സാംസണിന്റെ തിരിച്ചുവരവിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. മത്സരത്തില് 23 പന്തില് നിന്ന് നാല് സിക്സും ആറ് ഫോറും ഉള്പ്പെടെ 56 റണ്സ് നേടിയാണ് സഞ്ജു തിളങ്ങിയത്. 243.48 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ആക്രമണ ബാറ്റിങ്.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങള് അടങ്ങുന്ന പരമ്പരയില് 2-2ന് സമനില പിടിക്കാന് വിന്ഡീസിന് സാധിച്ചിരിക്കുകയാണ്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും നിര്ണായക മത്സരം ഒക്ടോബര് 17ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്.
Content Highlight: Shai Hope Surpass Chris Gayle And Join With A.B de Villiers And Quinton De Kock In Great Record List
