വെസ്റ്റ് ഇന്ഡീസിന്റെ ഇന്ത്യന് പര്യടനത്തിലെ നാലാം മത്സരത്തില് ഗംഭീര വിജയവുമായി സന്ദര്ശകര് പരമ്പരയിലൊപ്പമെത്തിയിരിക്കുകയാണ്. ഹൈദരാബാദില് നടന്ന മത്സരത്തില് നായകന് ഷായ് ഹോപ്പിന്റെ തകര്പ്പന് സെഞ്ച്വറിയുടെ ബലത്തില് 23 റണ്സിന്റെ വിജയമാണ് വിന്ഡീസ് നേടിയത്.
വെസ്റ്റ് ഇന്ഡീസ് മുന്നോട്ടുവെച്ച 248 റണ്സ് എന്ന കൂറ്റന് വിജയലക്ഷ്യം പിന്തുടര്ന്ന ടീം ഇന്ത്യ 223 റണ്സിന് ഓള്ഔട്ടാവുകയായിരുന്നു.
All Squared. 👊🏿🔝 #INDvWI | #MenInMaroon https://t.co/BLMdJ1Olw6
— Windies Cricket (@windiescricket) October 14, 2026
ഹോപ്പ് 45 പന്ത് നേരിട്ട് 102 റണ്സുമായി പുറത്താകാതെ നിന്നു. ആറ് ഫോറും ഒമ്പത് സിക്സറും അടക്കം 226.67 സ്ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഈ പരമ്പരയിലെ രണ്ടാം സെഞ്ച്വറിയാണ് കരീബിയന്സ് നായകന് തന്റെ പേരിന് നേരെ എഴുതിച്ചേര്ത്തത്.
Captain FANTASTIC. ✨🤩 The first West Indian with 3️⃣ T20I 💯s. 🔥 #INDvWI | #MenInMaroon https://t.co/N2Y7JGUUxF
— Windies Cricket (@windiescricket) October 14, 2026
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ഏറ്റവുമധികം അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന വിസിറ്റിങ് ബാറ്ററെന്ന നേട്ടത്തിലെത്താനും ഹോപ്പിന് സാധിച്ചു. ഇത് എട്ടാം തവണയാണ് ഹോപ്പ് ഇന്ത്യയ്ക്കെതിരെ സെഞ്ച്വറി നേടുന്നത്. ഈ റെക്കോഡില് ഇതിഹാസ താരം എ.ബി. ഡി വില്ലിയേഴ്സിനും ക്വിന്റണ് ഡി കോക്കിനുമൊപ്പമാണ് ഹോപ്പിന്റെ സ്ഥാനം.

ഷായ് ഹോപ്പ്. Photo: ICC
ഓരോ ടീമിനെതിരെയും ഏറ്റവുമധികം അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന വിസിറ്റിങ് ബാറ്റര്
(ടീം – ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം – എത്ര സെഞ്ച്വറികള് എന്നീ ക്രമത്തില്)
ഓസ്ട്രേലിയയില് – വിരാട് കോഹ്ലി (ഇന്ത്യ) – 12
ഇംഗ്ലണ്ടില് – ഡോണ് ബ്രാഡ്മാന് (ഓസ്ട്രേലിയ) – 11
ശ്രീലങ്കയില് – സച്ചിന് ടെന്ഡുല്ക്കര് (ഇന്ത്യ) – 10
സൗത്ത് ആഫ്രിക്കയില് – സച്ചിന് ടെന്ഡുല്ക്കര് (ഇന്ത്യ) – 9
ഇന്ത്യയില് – എ.ബി. ഡി വില്ലിയേഴ്സ് (സൗത്ത് ആഫ്രിക്ക), ക്വിന്റണ് ഡി കോക്ക് (സൗത്ത് ആഫ്രിക്ക), ഷായ് ഹോപ്പ് (വെസ്റ്റ് ഇന്ഡീസ്)* – 8
ബംഗ്ലാദേശില് – സച്ചിന് ടെന്ഡുല്ക്കര് (ഇന്ത്യ) – 7
വെസ്റ്റ് ഇന്ഡീസില് – സുനില് ഗവാസ്കര് (ഇന്ത്യ), ജോ റൂട്ട് (ഇംഗ്ലണ്ട്) – 7
യു.എ.ഇയില് – സച്ചിന് ടെന്ഡുല്ക്കര് (ഇന്ത്യ) – 7
പാകിസ്ഥാനില് – കുമാര് സംഗക്കാര (ശ്രീലങ്ക), അരവിന്ദ ഡി സില്വ (ശ്രീലങ്ക) – 6
ന്യൂസിലാന്ഡില് – ജാക് കാല്ലിസ് (സൗത്ത് ആഫ്രിക്ക), കുമാര് സംഗക്കാര (ശ്രീലങ്ക), ജോ റൂട്ട് (ഇംഗ്ലണ്ട്) – 5
സിംബാബ്വേയില് – ക്രിസ് ഗെയ്ല് (വെസ്റ്റ് ഇന്ഡീസ്), റോസ് ടെയ്ലര് (ന്യൂസിലാന്ഡ്) – 5
അതേസമയം, നാളെ നടക്കുന്ന സീരീസ് ഡിസൈഡറില് വിജയിക്കാന് സാധിച്ചാല് ഇന്ത്യയ്ക്കെതിരായ ടി-20 പരമ്പര സ്വന്തമാക്കാനും ഹോപ്പിനും വിന്ഡീസിനും മുമ്പില് അവസരമുണ്ട്. ബാറ്റര്മാരുടെ പറുദീസയായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
ഇന്ത്യന് ബൗളര്മാരുടെ മോശം ഫോമും ദൗര്ബല്യവും കൃത്യമായി മുതലാക്കാന് സാധിച്ചാല് വിന്ഡീസിന് സാധ്യതകളേറെയാണ്. ഒടുവില് കളിച്ച മൂന്ന് മത്സരത്തില് ഇന്ത്യന് ബൗളര്മാര് 200ലധികം റണ്സ് വിട്ടുനല്കിയിട്ടുണ്ട്. 247, 209, 252 എന്നിങ്ങനെയാണ് ഇന്ത്യന് ബൗളര്മാര്ക്കെതിരെ വിന്ഡീസ് താരങ്ങള് സ്വന്തമാക്കിയത്.
ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില് ഇരു ടീമിന്റെയും ബാറ്റര്മാര് കളം പിടിക്കുമെങ്കിലും വിന്ഡീസിനേക്കാള് കൂടുതല് ദൗര്ബല്യമുള്ള ബൗളിങ് നിര ഇന്ത്യയുടേതാണ്. ഹോം അഡ്വാന്റേജ് മുതലാക്കാന് സാധിച്ചാല് ആതിഥേയര്ക്ക് വിജയം സ്വന്തമാക്കാനുള്ള സാധ്യതകളുമേറെയാണ്.
Content Highlight: Shai Hope becomes the visiting batter with the most international centuries against India.
