തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി വാ തുറന്നിട്ടില്ല; മൗനം ദുരൂഹമെന്ന് ഷാഫി പറമ്പില്‍
Kerala News
തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി വാ തുറന്നിട്ടില്ല; മൗനം ദുരൂഹമെന്ന് ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th June 2022, 6:52 pm

പാലക്കാട്: ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം പറയേണ്ട മുഖ്യമന്ത്രി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം വാ തുറന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ.

സരിത്തിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള സര്‍ക്കാരിന്റെ അനാവശ്യ വെപ്രാളവും മുഖ്യമന്ത്രിയുടെ മൗനവും ദുരൂഹമാണെന്നും മുഖ്യമന്ത്രി മൗനം വെടിയാന്‍ തയ്യാറാകണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുത്തത് ഞങ്ങളല്ല. സ്വപ്നയുടെ മൊഴി വിശ്വസിക്കണമെന്ന് പറഞ്ഞത് സി.പി.ഐ.എം നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരുന്ന ആരോപങ്ങളില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.

മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് നടത്തുന്ന ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് കോടിയേരി പറഞ്ഞു. പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ കൊണ്ട് രാജിവെപ്പിക്കുകയാണ് ലക്ഷ്യം. ആരോപണങ്ങള്‍ പുതുതായി കേള്‍ക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്നും ഇത്തരം കള്ളക്കഥകള്‍ക്ക് മുന്നില്‍ സി.പി.ഐ.എം കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.

‘സ്വര്‍ണക്കടത്ത് കേസന്വേഷണം ബി.ജെ.പിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചു. സ്വര്‍ണം ആരാണ് അയച്ചത്, ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇത് വരെയും സാധിച്ചിട്ടില്ല. സ്വര്‍ണം അയച്ചവര്‍ ഇപ്പോഴും പ്രതികള്‍ അല്ല. സ്വര്‍ണം അയച്ചയാളെ ഇതുവരെ പ്രതിയാക്കിയില്ല,’ അദ്ദേഹം വ്യക്തമാക്കി.

ശരിയായ രീതിയില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്വര്‍ണ്ണം അയച്ചയാളും സ്വീകരിച്ചയാളും പ്രതിയാണോ ? ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. ബി.ജെ.പിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണമടക്കം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Content Highlights: Shafi Parampil MLA said that the Chief Minister has not opened his mouth after the Thrikkakara by-election to answer the doubts of the people