ന്യൂദല്‍ഹി: ഷാഫി പറമ്പില്‍ എം.പിക്ക് പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തില്‍ വെച്ച് പരിക്കേറ്റ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യം. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ 15 ദിവസത്തിനകം സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.
സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എം.പി നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി.
സംഭവത്തില്‍ ഷാഫി പറമ്പില്‍ എം.പിയും പരാതി നല്‍കിയിട്ടുണ്ട്. ആദ്യം പരാതി നല്‍കിയത് കൊടിക്കുന്നിലാണ് എന്നത് പരിഗണിച്ചാണ് സ്പീക്കറുടെ നടപടി.
എം.പിക്ക് മര്‍ദനമേറ്റ സംഭവം ഗൗരവമേറിയതാണെന്നും വിശദമായ റിപ്പോര്‍ട്ട് വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ പരാതിയില്‍ പറയുന്നതുപോലെ ഷാഫിക്ക് നേരെ ആക്രമണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പേരാമ്പ്രയില്‍ നടന്ന യു.ഡി.എഫ് യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പില്‍ സര്‍ജറിക്ക് വിധേയനാവുകയും ചികിത്സയില്‍ തുടരുകയും ചെയ്തിരുന്നു.
തന്നെ ആക്രമിച്ചത് കണ്‍ട്രോള്‍ റൂം സി.ഐ അഭിലാഷ് ഡേവിസെന്നാണ് ഷാഫി ആരോപിച്ചത്.
ഇക്കാര്യം തെളിയിക്കാനായി വീഡിയോയും അദ്ദേഹം പുറത്തുവിട്ടിരുന്നു. എന്നാല്‍ താനല്ല ആക്രമിച്ചതെന്നായിരുന്നു സി.ഐ അഭിലാഷിന്റെ വാദം. സംഘര്‍ഷത്തിന് പിന്നാലെ വടകര, പേരാമ്പ്ര ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റിയിരുന്നു.