രതിജീവിത; മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് അധിക്ഷേപം: മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് തട്ടി കയറി ദീപാ ജോസഫ്
Kerala
രതിജീവിത; മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് അധിക്ഷേപം: മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് തട്ടി കയറി ദീപാ ജോസഫ്
നിഷാന. വി.വി
Saturday, 23rd May 2026, 12:18 pm

ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തട്ടിക്കയറി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ്.

മുഖ്യമന്ത്രി വി.ഡി സതീശനെ കേരളാ ഹൗസില്‍ സ്വീകരിക്കാനെത്തിയതായിരുന്നു ദീപാ ജോസഫ്. ഇത് റിപ്പോര്‍ട്ട് ചെയ്ത്‌കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു അഭിഭാഷകയുടെ മോശം പെരുമാറ്റം.

‘എന്റെ അനുവാദമില്ലാതെ എന്നെ കുറിച്ച് മോശം വാര്‍ത്ത ചെയ്യാന്‍ പറ്റില്ല. അത് കാന്‍സല്‍ ചെയ്യണം. എന്റെ പിറകെ നടന്ന് വാര്‍ത്ത കൊടുക്കേണ്ട ആവശ്യമൊന്നുമില്ല,’ ദീപാ ജോസ് പറഞ്ഞു.

കൈരളി ടി.വിയിലെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയായിരുന്നു അവര്‍ മോശമായി പെരുമാറിയതും മൈക്ക് തട്ടിപ്പറിക്കാന്‍ നോക്കിയതും. വിഷയത്തില്‍ ഇടപെട്ട റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനോടും തട്ടികയറുകയായിരുന്നു.

ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ രതിജീവിതയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. സാമൂഹിക മാധ്യമത്തിലൂടെ അതിജീവിതയെ അപമാനിച്ചതിന് ഇവര്‍ക്കെതിരെ കേസും നിലനില്‍ക്കുന്നുണ്ട്.

ഈ കേസിനെ ചോദ്യം ചെയ്ത് ദീപ സുപ്രീം കോടതിയെ സമീപിപ്പിച്ചിരുന്നു. എന്നാല്‍ ദീപയ്‌ക്കെതിരായ രൂക്ഷ വിമര്‍ശനമായിരുന്നു സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

നിങ്ങള്‍ ഒരു അഭിഭാഷകയല്ലേ, ഇത്തരം പോസ്റ്റുകള്‍ പാടുണ്ടോ എന്നതായിരുന്നു കോടതിയുടെ ചോദ്യം. എന്താണ് എഴുതിയതെന്ന് ഞങ്ങള്‍ ഇവിടെ വായിക്കണോ എന്നും കോടതി ചോദിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞതാണ് എഴുതിയതെന്ന് ദീപ കോടതിയില്‍ പറഞ്ഞു.

ഭര്‍ത്താവ് പറഞ്ഞത് വെച്ച് എല്ലാം പരസ്യമായി എഴുതാമോ എന്ന് കോടതി തിരിച്ചടിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു വിമര്‍ശനം.

Content Highlight: Sexual life; Insult to the survivor in the Mangkootathil case: Deepa Joseph confronts the media when she arrives to meet the Chief Minister

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.