സിനിമാതാരങ്ങളെ പോലെയല്ല ഞങ്ങള്‍, ദിവസവേതനത്തില്‍ കഴിഞ്ഞുപോകുന്നവരാണ്; ഷൂട്ടിംഗ് തുടങ്ങാന്‍ അനുവാദം നല്‍കണം: മുഖ്യമന്ത്രിയോട് സീരിയല്‍ നടന്‍ ജിഷിന്‍
Entertainment
സിനിമാതാരങ്ങളെ പോലെയല്ല ഞങ്ങള്‍, ദിവസവേതനത്തില്‍ കഴിഞ്ഞുപോകുന്നവരാണ്; ഷൂട്ടിംഗ് തുടങ്ങാന്‍ അനുവാദം നല്‍കണം: മുഖ്യമന്ത്രിയോട് സീരിയല്‍ നടന്‍ ജിഷിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd May 2021, 5:12 pm

കൊവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് സീരിയല്‍ രംഗത്തുള്ളവര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നടന്‍ ജിഷിന്‍ മോഹന്‍. താനടക്കം സീരിയല്‍ മാത്രം ജീവിതമാര്‍ഗമായ പലരും ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സീരിയല്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജിഷിന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

കത്തിലെ ഉള്ളടക്കവും കത്തയക്കാന്‍ ഇടയായ സാഹചര്യവും ജിഷിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് തങ്ങളും സമാനമായ അവസ്ഥയിലൂടെയാണ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ഒട്ടനവധി കലാകാരന്മാര്‍ അഭിമുഖീകരിക്കുന്ന, പുറത്ത് പറയാന്‍ മടി കാണിക്കുന്ന പ്രശ്‌നങ്ങള്‍. എല്ലാ വിഭാഗക്കാരും അവരവരുടെ തൊഴില്‍ മേഖലയില്‍ അനുഭവിക്കുന്ന വിഷമം അറിയാതെ അല്ല. ഞാനും എന്നെപ്പോലുള്ള പലരും അനുഭവിക്കുന്ന അവസ്ഥ ശ്രദ്ധയില്‍ പെടുത്താനാണ് ഈ കത്ത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജിഷിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ഞാനും എന്റെ ഭാര്യയും ഒരു സീരിയല്‍ ആര്‍ട്ടിസ്റ്റുകളാണ്. ഞങ്ങളുടെ ഏക വരുമാന മാര്‍ഗ്ഗം സീരിയല്‍ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയല്‍ താരങ്ങള്‍ക്ക് ലഭിക്കാറില്ല. ദിവസവേതനം എന്ന് തന്നെ പറയാം.

ഒന്നോ രണ്ടോ സീരിയല്‍ ചെയ്യുന്നുണ്ടെങ്കില്‍ ആ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവര്‍ വിചാരിക്കുന്നത് പോലെ അതിസമ്പന്നതയില്‍ ജീവിക്കുന്നവര്‍ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാര്‍. ഒരു മാസം ഷൂട്ടിനു പോയാല്‍ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്റെ തവണകള്‍, ഇവയെല്ലാം അടഞ്ഞു പോകുന്നത്. നീക്കിയിരുപ്പുകള്‍ ഒന്നും തന്നെ ഉണ്ടാകാറില്ല,’ ജിഷിന്റെ കത്തില്‍ പറയുന്നു.

ഒരു ലോക്ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോണ്‍ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വര്‍ണ്ണം ഇതുവരെ തിരിച്ചെടുക്കാന്‍ സാധിച്ചില്ല. മുന്‍പോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോര്‍ത്ത് ഉറക്കമില്ലാതെ കുറേ രാത്രികളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും ജിഷിന്‍ പറഞ്ഞു.

ഒരു സീരിയല്‍ കുടുംബം എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ മാത്രമല്ല. പ്രൊഡ്യൂസര്‍, ഡയറക്ടര്‍, ക്യാമറാമാന്‍ തുടങ്ങി പ്രൊഡക്ഷനില്‍ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷന്‍ ബോയ് വരെയുള്ളവരുടെ ജീവിതമാര്‍ഗമാണ്. എല്ലാ തൊഴില്‍ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. ലോക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കുവാന്‍ അനുവാദം നല്‍കണം എന്ന് അപേക്ഷിക്കുയാണെന്നും ജിഷിന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Serial Actor Jishin asks CM Pinarayi Vijayan to give permission to start shooting, as the serial artists are in a big crisis