മോഹന്‍ലാല്‍ അടക്കമുള്ള ആക്ടേഴ്‌സിനെ മൂന്ന് ഗ്രൂപ്പായി തിരിച്ച് ടെക്‌നീഷ്യന്മാരെ ഉറങ്ങാന്‍ സമ്മതിക്കാതെയാണ് ശശിയേട്ടന്‍ ആ സിനിമ ഷൂട്ട് ചെയ്തത്: സീമ
Entertainment
മോഹന്‍ലാല്‍ അടക്കമുള്ള ആക്ടേഴ്‌സിനെ മൂന്ന് ഗ്രൂപ്പായി തിരിച്ച് ടെക്‌നീഷ്യന്മാരെ ഉറങ്ങാന്‍ സമ്മതിക്കാതെയാണ് ശശിയേട്ടന്‍ ആ സിനിമ ഷൂട്ട് ചെയ്തത്: സീമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd March 2025, 5:20 pm

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളാണ് ഐ.വി. ശശി. ഉത്സവം എന്ന ചിത്രത്തിലൂടെയാണ് ഐ.വി. ശശി തന്റെ സംവിധാനജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി 110ഓളം സിനിമകള്‍ അണിയിച്ചൊരുക്കാന്‍ ഐ.വി. ശശിക്ക് സാധിച്ചു. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ഡം നേടിയ ആദ്യ സംവിധായകനെന്ന് ഐ.വി. ശശിയെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദേവാസുരം. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഐക്കോണിക് കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഐ.വി. ശശിയുടെ പങ്കാളിയും നടിയുമായ സീമ.

ഒരു വര്‍ഷം അഞ്ചും ആറും സിനിമകള്‍ ഐ.വി. ശശി സംവിധാനം ചെയ്തിട്ടുണ്ടെന്ന് സീമ പറഞ്ഞു. ഹൈദരബാദില്‍ തെലുങ്ക് സിനിമയോ തമിഴ് സിനിമയോ ഷൂട്ട് ചെയ്ത് രാത്രി ചെന്നൈയിലെത്തി എ.വി.എം. സ്റ്റുഡിയോയില്‍ എഡിറ്റ് ചെയ്യുന്നതായിരുന്നു പതിവെന്നും ആ സമയങ്ങളില്‍ ഉറക്കമുണ്ടാകില്ലെന്നും സീമ കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം ഉറങ്ങാത്തതിന് പുറമെ ടെക്‌നീഷ്യന്മാരെയും ഉറങ്ങാന്‍ സമ്മതിക്കാതെയാണ് പല സിനിമകളും പൂര്‍ത്തിയാക്കിയതെന്നും സീമ പറഞ്ഞു. ദേവാസുരം എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്ത് മോഹന്‍ലാല്‍ അടക്കമുള്ള ആക്ടേഴ്‌സിനെ മൂന്ന് ഗ്രൂപ്പാക്കി തിരിച്ചാണ് ഷൂട്ട് ചെയ്തതെന്നും സീമ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍, രേവതി, ഇന്നസെന്റ് എന്നിവര്‍ ഒരു ഗ്രൂപ്പും നെടുമുടി വേണുവിനെയും മറ്റുള്ളവരെയും വേറൊരു ഗ്രൂപ്പുമാക്കിയാണ് ഷൂട്ട് ചെയ്തതെന്നും സീമ പറഞ്ഞു. എന്നാല്‍ ടെക്‌നീഷ്യന്മാരെ ഉറങ്ങാന്‍ വിടില്ലായിരുന്നെന്നും ക്യാമറാമാനെയും എഡിറ്ററെയും ഉറങ്ങാന്‍ സമ്മതിക്കാതെയാണ് ദേവാസുരത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയതെന്നും സീമ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സീമ.

‘ഒരു വര്‍ഷം അഞ്ചും ആറും പടമൊക്കെ പുള്ളി ഷൂട്ട് ചെയ്യും. അതില്‍ മലയാളവും തമിഴുമൊക്കെ ഉണ്ടായിരുന്നു. തമിഴ് പടത്തിന്റെ ഷൂട്ട് ഹൈദരബാദിലായിരിക്കും. രാവിലെ നേരത്തെയുള്ള ഫ്‌ളൈറ്റിന് നേരെ ഹൈദരബാദിലേക്ക് പോകും. അവിടെ ഷൂട്ട് കഴിഞ്ഞ് നേരെ ചെന്നൈയിലെത്തി എ.വി.എം. സ്റ്റുഡിയോയില്‍ ചെന്ന് എഡിറ്റ് ചെയ്യും. ഉറക്കം എന്ന് പറയുന്ന സാധനം ആ സമയത്തൊന്നും ഉണ്ടാകില്ല.

പുള്ളി ഉറങ്ങില്ലെന്ന് മാത്രമല്ല, വേറെ ആരെയും ഉറങ്ങാന്‍ സമ്മതിക്കില്ലായിരുന്നു. ദേവാസുരം എന്ന പടം അങ്ങനെ കംപ്ലീറ്റ് ചെയ്തതാണ്. ആ പടത്തില്‍ ആക്ടേഴ്‌സിനെ മൂന്ന് ഗ്രൂപ്പാക്കി തിരിച്ചായിരുന്നു ഷൂട്ട്. മോഹന്‍ലാല്‍, രേവതി, ഇന്നസെന്റ് ഇവരെ ഒരു ഗ്രൂപ്പാക്കി. അവരുടെ ഷൂട്ടിന്റെ സമയത്ത് ബാക്കിയുള്ളവര്‍ക്ക് റെസ്റ്റെടുക്കാം. വേണുച്ചേട്ടനെയും ബാക്കി ആര്‍ട്ടിസ്റ്റിനെയും അടുത്ത ഗ്രൂപ്പാക്കി. അങ്ങനെയായിരുന്നു ഷൂട്ട്. ടെക്‌നീഷ്യന്മാര്‍ ആരെയും ശശിയേട്ടന്‍ ഉറങ്ങാന്‍ വിട്ടില്ല,’ സീമ പറഞ്ഞു.

Content Highlight: Seema shares the shooting experience of Devasuram movie and I V Sasi’s direction