രണ്ടാം ഡിവിഷന്‍ ക്ലബിനോട് തോറ്റ് പുറത്ത്; റയലിന് വമ്പന്‍ ഷോക്ക്
Football
രണ്ടാം ഡിവിഷന്‍ ക്ലബിനോട് തോറ്റ് പുറത്ത്; റയലിന് വമ്പന്‍ ഷോക്ക്
ഫസീഹ പി.സി.
Thursday, 15th January 2026, 8:16 am

കോപ്പ ഡെല്‍ റെയില്‍ നിന്ന് പുറത്തായി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അല്‍ബാസെറ്റ് ബലോംപിയോട് പരാജയപ്പെട്ടതാണ് ടീമിന് വിനയായത്. മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ തോല്‍വി.

സ്പാനിഷ് സൂപ്പര്‍കപ്പ് ഫൈനലില്‍ ബാഴ്സലോണയോട് തോറ്റ് കിരീടം നഷ്ടമായതിന് പിന്നാലെയാണ് മറ്റൊരു തോല്‍വി കൂടി റയല്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. അതും വിനീഷ്യസ് ജൂനിയറും ഗോണ്‍സാലോ ഗാര്‍ഷ്യയും ആര്‍ദേ ഗുളരുമെല്ലാമുള്ള ടീമാണ് ഒരു കുഞ്ഞന്‍ ടീമിന് മുന്നില്‍ മുട്ടുകുത്തിയത്.

മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് അല്‍ബാസെറ്റ് ബലോംപിയാണ്. റയലിനെ ഞെട്ടിച്ച് ജാവി വില്ലര്‍ ആ ടീമിനായി ഗോള്‍ നേടിയത്. 42ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ പിറന്നത്. ഏറെ വൈകാതെ ലോസ് ബ്ലാങ്കോസ് ഒപ്പമെത്തി.

ഫ്രാങ്കോ മസ്താന്റുവോനോയാണ് റയലിന് സമനില ഗോള്‍ സമ്മാനിച്ചത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

ഒന്നാം പകുതി ഇതേ സ്‌കോറില്‍ അവസാനിച്ചു. സെക്കന്റ് ഹാഫില്‍ ഇരുടീമുകളും ലീഡ് നേടാന്‍ ശ്രമങ്ങള്‍ നടത്തി. മത്സരത്തിന്റെ അവസാന പത്ത് മിനിട്ടിലാണ് മത്സരത്തിലെ ബാക്കി നാല് ഗോളുകളും വന്നത്. ഇവിടെയും ആദ്യം സ്‌കോര്‍ ചെയ്തത് അല്‍ബാസെറ്റ് തന്നെയാണ്.

മത്സരത്തിനിടെ റയൽ മാഡ്രിഡ് താരങ്ങൾ. Photo: Madrid Xtra/x.com

82ാം മിനിട്ടിലായിരുന്നു അല്‍ബാസെറ്റ് ലീഡ് എടുത്തത്. ഇത്തവണ ഗോള്‍ സ്‌കോര്‍ ചെയ്തത് സബ്ബായി കളിക്കളത്തില്‍ എത്തിയ ജെഫ്‌റ്റെ ബെറ്റാന്‍കോറാണ്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലെ ആദ്യ മിനിറ്റില്‍ തന്നെ റയല്‍ വീണ്ടും എതിരാളികളുടെ വലയിലേക്ക് പന്ത് അടിച്ച് കയറ്റി. ഗോണ്‍സാലോ ഗാര്‍ഷ്യയാണ് വല കുലുക്കിയത്.

ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ ബെറ്റാന്‍കോര്‍ പന്ത് വലയിലേക്ക് അടിച്ച് കയറ്റി റയലിന്റെയും ആരാധകരുടെ നെഞ്ച് തുളച്ചു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിട്ടിലായിരുന്നു അല്‍ബാസൈറ്റിന്റെ വിജയഗോള്‍. പിന്നാലെ മത്സരത്തിന്റെ ഫൈനല്‍ വിസില്‍ എത്തി. അതോടെ റയല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

Content Highlight: Second Tier club Albacete knock out of Real Madrid from the Copa Del Rey

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി