ആരാധകരെ ആവേശത്തിലാക്കി ഭീഷ്മവര്‍ധന്‍; ഭീഷ്മ പര്‍വ്വത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍
Entertainment news
ആരാധകരെ ആവേശത്തിലാക്കി ഭീഷ്മവര്‍ധന്‍; ഭീഷ്മ പര്‍വ്വത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th September 2021, 9:06 pm

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പര്‍വ്വ’ത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. താരത്തിന്റെ 70ാം പിറന്നാളിന് ആശംസയര്‍പ്പിച്ചുകൊണ്ട് അമല്‍ നീരദ് തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

അമേരിക്കന്‍ സംവിധായകന്‍ ആന്‍ഡി വാര്‍ഹോളിന്റെ ‘അവരെപ്പോഴും പറയും സമയം എല്ലാത്തിനേയും മാറ്റുമെന്ന്, എന്നാല്‍ നിങ്ങള്‍ സ്വയം സമയത്തെ തന്നെയും മാറ്റണം’ എന്ന വാക്കുകളോടെയാണ് അമല്‍ നീരദ് താരത്തിന് ആശംസകള്‍ നേര്‍ന്നത്.

ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്‌സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിലെ ഒരു ഫൈറ്റ് സീക്വന്‍സാണ് പോസ്റ്ററിലുള്ളത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമയില്‍, ഭീഷ്മവര്‍ധന്‍ എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ബിഗ് ബിക്ക് ശേഷം അമല്‍ നീരദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

ആനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Second look poster of Bheeshma Parvam