കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു
Kerala News
കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th September 2021, 6:37 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംസ്ഥാനത്ത് ഇപ്പോള്‍ റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്സിനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വെച്ച് തുറക്കാം. ബയോബബിള്‍ മാതൃകയില്‍ വേണം തുറന്നു പ്രവര്‍ത്തിക്കാന്‍,’ മുഖ്യമന്ത്രി പറഞ്ഞു.

അതോടൊപ്പം ഒക്ടോബര്‍ നാല് മുതല്‍ ടെക്നിക്കല്‍/പോളി ടെക്നിക്ക്/മെഡിക്കല്‍ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉള്‍പ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കും.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം കൊവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ വാര്‍ഡുതല ലോക്ഡൗണും നിയന്ത്രണങ്ങളും തുടരും. കൊവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പോകേണ്ടത് ആവശ്യമാണെന്നും നിലവിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൊവിഡിനെ സ്വയം പ്രതിരോധിക്കാനുള്ള പുതിയ ക്യാംപെയ്‌നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് പുതുതായി 25,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍കോട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Reopne Colleges Covid 19