കർഷകരുടെ മേൽ വാഹനം കയറ്റിയിറക്കിയ കേസ്; കേന്ദ്ര മന്ത്രിയുടെ മകന്റെ ജാമ്യം നീട്ടി സുപ്രീം കോടതി
national news
കർഷകരുടെ മേൽ വാഹനം കയറ്റിയിറക്കിയ കേസ്; കേന്ദ്ര മന്ത്രിയുടെ മകന്റെ ജാമ്യം നീട്ടി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2024, 2:53 pm

ന്യൂദൽഹി: സമരം നടത്തിയ കർഷകർക്ക് മേലെ വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ ലഖിംപൂർ ഖേരി കേസിൽ കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ഇടക്കാല ജാമ്യം നീട്ടി നൽകി സുപ്രീം കോടതി.

അവസാനം കേസിന്റെ ഹിയറിങ് നടത്തിയ 2023 സെപ്റ്റംബർ 26ന് ശേഷം വിചാരണ കോടതിയിൽ നിന്ന് കേസിന്റെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി. വിശ്വനാഥനും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. രജിസ്ട്രിയോട് റിപ്പോർട്ട് ലഭ്യമാക്കാൻ ആവശ്യപ്പെട്ടതായും സുപ്രീം കോടതി ബെഞ്ച് അറിയിച്ചു.

റിപ്പോർട്ട് ലഭിക്കുന്നത് വരെ ജാമ്യം നീട്ടി നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

2022 ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതി മിശ്രയ്ക്ക് ജാമ്യം നൽകിയിരുന്നുവെങ്കിലും ഇതേവർഷം സെപ്റ്റംബറിൽ ഇത് റദ്ദാക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ജനുവരിയിൽ മിശ്രക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച് വിധി പുറപ്പെടുവിക്കുകയും ജാമ്യകാലയളവിൽ ഉത്തരപ്രദേശിലോ ദൽഹിയിലോ ഉണ്ടാകരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദൽഹിയിൽ തന്നെ തുടരാൻ ഇളവ് നൽകിക്കൊണ്ട് സുപ്രീം കോടതി ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചിരുന്നു. മിശ്രയുടെ മാതാവ് ദൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും മകൾക്കും ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ദൽഹിയിൽ തങ്ങാൻ അനുമതി നൽകിയത്.

2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന ഒരു കൂട്ടം കർഷകർക്ക് നേരെ മിശ്രയുടെ വാഹനം പാഞ്ഞടുക്കുകയും ഇവരുടെ മേൽ കയറ്റിയിറക്കുകയുമായിരുന്നു. സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും മൂന്ന് ബി.ജെ.പി പ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു.

യു.പി പൊലീസിന്റെ എഫ്.ഐ.ആർ പ്രകാരം നാല് കർഷകരുടെ മേൽ കയറ്റിയിറക്കിയ എസ്.യു.വിയിൽ ആശിഷ് മിശ്ര ഇരിക്കുന്നുണ്ടായിരുന്നു.

Content Highlight: SC extends interim bail of Ashish Mishra in Lakhimpur Kheri violence case