'ഇസ്രഈല്‍ അധിനിവേശ നാസി സൈന്യം'; റഫയില്‍ നെതന്യാഹു നടത്തുന്നത് കൂട്ടക്കൊല: ഹമാസ്
World News
'ഇസ്രഈല്‍ അധിനിവേശ നാസി സൈന്യം'; റഫയില്‍ നെതന്യാഹു നടത്തുന്നത് കൂട്ടക്കൊല: ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2024, 12:47 pm

ഗസ: ഗസയിലെ റഫ നഗരത്തില്‍ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന കൂട്ടമായ ആക്രമണം വംശഹത്യയാണെന്ന് ഹമാസ്. റഫയിലെ ഫലസ്തീനികളെ ഇസ്രഈലി സൈന്യം കൂട്ടക്കൊലക്ക് ഇരയാക്കുകയാണെന്നും നിലവില്‍ നൂറിലധികം രക്തസാക്ഷികളുടെ ജീവന്‍ നെതന്യാഹു അപഹരിച്ചെന്നും ഫലസ്തീന്റെ സായുധ സംഘടനയായ ഹമാസ് പറഞ്ഞു.

റഫയില്‍ അധിനിവേശ നാസി സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ അര്‍ത്ഥമാക്കുന്നത് ഇത് ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള ശ്രമമാണെന്നും ഹമാസ് പറയുന്നു.

റഫയിലെ ജനങ്ങളുടെ വീടുകള്‍ക്കും പള്ളികള്‍ക്കും നേരെയുള്ള ഇസ്രഈലിന്റെ ക്രൂരമായ ആക്രമണങ്ങളില്‍ ഇതുവരെ 100ഓളം സാധാരണക്കാര്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡസന്‍ കണക്കിന് ആളുകള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആക്രമണത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഗസയിലെ ആശുപത്രികള്‍ക്ക് കഴിയുന്നില്ലെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം റഫയില്‍ ഇസ്രഈല്‍ പ്രവര്‍ത്തികമാക്കന്‍ ഉദ്ദേശിക്കുന്ന സൈനിക നടപടികളില്‍ ലോകരാഷ്ട്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. റഫയില്‍ വലിയ ഒരു മാനുഷിക ദുരന്തം തടയുന്നതിനായി ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും നഗരത്തിലേക്ക് കഴിയാവുന്നത്ര സഹായങ്ങള്‍ നല്‍കാന്‍ ശ്രമിക്കണമെന്നും ഒരു പ്രസ്താവനയില്‍ ജപ്പാന്‍ പറഞ്ഞു.

കൂടാതെ റഫയിലെ സ്ഥിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി വാഷിങ്ടണ്‍ ഡി.സിയില്‍ കൂടിക്കാഴ്ച നടത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

ഞായറാഴ്ച അതിര്‍ത്തി നഗരമായ ഗസയിലെ റഫയില്‍ ആക്രമണം നടത്തിയാല്‍ ഇസ്രഈലുമായുള്ള സുപ്രധാന സമാധാന ഉടമ്പടി താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് ഈജിപ്ത് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആശയപരമായി ഉള്‍പ്പോരിലാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്ത് തനിക്ക് ജനപ്രീതി കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ യു.എസ് ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ മാനുഷിക സഹായങ്ങളില്‍ തടസം സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെ നിയന്ത്രിക്കുന്നതിനായി ഒരു സുരക്ഷാ മെമ്മോറാണ്ടം ബൈഡന്‍ പുറത്തിറക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 28,176 ആയി വര്‍ധിച്ചുവെന്നും 67,784 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Hamas says Netanyahu is committing a massacre in Rafah