ശ്രീകുമാരന്‍ തമ്പിയേയും സച്ചിദാനന്ദനേയും താരതമ്യപ്പെടുത്തിയുള്ള പ്രസ്താവന അത്യന്തം അപലപനീയം; ജി. സുധാകരനെതിരെ അശോകന്‍ ചെരുവില്‍
Kerala News
ശ്രീകുമാരന്‍ തമ്പിയേയും സച്ചിദാനന്ദനേയും താരതമ്യപ്പെടുത്തിയുള്ള പ്രസ്താവന അത്യന്തം അപലപനീയം; ജി. സുധാകരനെതിരെ അശോകന്‍ ചെരുവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2024, 1:45 pm

തൃശൂര്‍: സച്ചിദാനന്ദനേയും ശ്രീകുമാരന്‍ തമ്പിയേയും താരതമ്യപ്പെടുത്തിക്കൊണ്ട് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജി.സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍.

സച്ചിദാനന്ദനേയും ശ്രീകുമാരന്‍ തമ്പിയേയും താരതമ്യപ്പെടുത്തി ജി. സുധാകരന്‍ സംസാരിച്ചത് വാസ്തവമാണെങ്കില്‍ അത് അത്യന്തം അപലപനീയമാണെന്ന് അശോകന്‍ ചെരുവില്‍ പറഞ്ഞു.

രണ്ടു കവികളും തീര്‍ത്തും വ്യത്യസ്തമായ ഭാവുകത്വങ്ങളുടെ പ്രതിനിധികളാണ് എന്ന് അശോകന്‍ ചെരുവില്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. താരതമ്യവും മൂല്യനിര്‍ണയവും ഇവിടെ അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം അഭിമുഖീകരിക്കുന്ന അധികാരഭീകരതയെ മുന്‍നിര്‍ത്തിക്കൊണ്ടല്ലാതെ ഇന്ന് സാഹിത്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും സംസാരിക്കുക സാധ്യമല്ലെന്നും അശോകന്‍ ചെരുവില്‍ വ്യക്തമാക്കി.

ജീവന് നേര്‍ക്കുള്ള ഭീഷണികളെപ്പോലും വകവെക്കാതെ ഹിന്ദുത്വ മതരാഷ്ട്ര വാദത്തെ കവിത കൊണ്ടും പ്രഭാഷണം കൊണ്ടും നിരന്തരമായി പ്രതിരോധിക്കുന്ന കവിയാണ് സച്ചിദാനന്ദന്‍ എന്ന് അശോകന്‍ ചെരുവില്‍ പറഞ്ഞു. അതേസമയം ശ്രീകുമാരന്‍ തമ്പിയാകട്ടെ ഇക്കാര്യത്തില്‍ പൂര്‍ണ നിശബ്ദനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി. സുധാകരനേപ്പോലെ സമുന്നതനായ ഒരു ഇടതുപക്ഷനേതാവ് ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന കാര്യം തന്നെ ഭയപ്പെടുത്തുന്നുവെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുകയാണെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. മറ്റുള്ളവരുടെ തെറ്റുകളേറ്റെടുത്ത് കുരിശിലേറുന്നത് മഹത്പ്രവര്‍ത്തിയാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സച്ചിദാനന്ദന്‍ പറയുന്നു.

അതേസമയം സച്ചിദാനന്ദന്റെ പരാമര്‍ശത്തില്‍ ക്രിസ്തുവിന് ശേഷം ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചുവെന്ന് ശ്രീകുമാരന്‍ തമ്പി പ്രതികരിക്കുകയും ചെയ്തു.

Content Highlight: Ashokan Cheruvil against G. Sudhakaran