മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമകള്‍ക്കും ആരാധകര്‍ ഏറെയാണ്.
ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എം.എ, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്, തലയണമന്ത്രം, സന്ദേശം തുടങ്ങി നിരവധി സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ എത്തിയിട്ടുണ്ട്.
ഒപ്പം മൈ ഡിയര്‍ മുത്തച്ഛന്‍, ഗോളാന്തര വാര്‍ത്ത, ഇരട്ടകുട്ടികളുടെ അച്ഛന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഞാന്‍ പ്രകാശന്‍ തുടങ്ങിയ സിനിമകളും ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റേതാണ്.
ഇപ്പോള്‍ തന്റെ സിനിമകളില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഹാസ്യകഥാപാത്രത്തെ കുറിച്ച് പറയുകയാണ് സത്യന്‍ അന്തിക്കാട്. സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
‘എന്റെ സിനിമകളില്‍ നിന്ന് ഇഷ്ട ഹാസ്യകഥാപാത്രത്തെ കണ്ടുപിടിക്കുക എന്നത് പ്രയാസകരമേറിയ തെരഞ്ഞെടുപ്പാണ്. എന്റെ ഭൂരിഭാഗം സിനിമകളിലും മുഖ്യകഥാപാത്രങ്ങള്‍ തന്നെ ഹാസ്യം കൈകാര്യം ചെയ്തിട്ടുണ്ട്.
തത്കാലം ഏറ്റവും ഇഷ്ട ഹാസ്യകഥാപാത്രത്തിനുള്ള വോട്ട് സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ എന്ന ശ്രീനിവാസന്‍ കഥാപാത്രത്തിനാണ്. ശ്രീനിവാസന്‍ സ്‌റ്റൈല്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട കഥാപാത്രമായിരുന്നു അത്.
രാജേന്ദ്രന്‍ ഗൗരവക്കാരനാണെങ്കിലും അത് പ്രത്യക്ഷപ്പെടുന്ന സന്ദര്‍ഭവും മറ്റും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രീതിയിലുള്ളതാണ്. ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം’ എന്ന പാട്ടും ഏഴ് സീനുകളും മാത്രമേ എസ്.ഐ. രാജേന്ദ്രന് സിനിമയിലുള്ളൂ.
എന്നാല്‍ സിനിമ കണ്ടവര്‍ക്ക് അതില്‍ മുഴുവനായി ശ്രീനിവാസന്‍ നിറഞ്ഞു നില്‍ക്കുന്നതായി തോന്നും. അത് കഥാപാത്രത്തിന്റെ ശക്തിയാണ്. എന്തുകൊണ്ട് രാജേന്ദ്രന്‍ എനിക്ക് പ്രിയപ്പെട്ടതാകുന്നു എന്ന ചോദ്യത്തിനുത്തരം ഷൂട്ടിങ് ഓര്‍മകള്‍ തന്നെയാണ്.
രാജേന്ദ്രനായി ശ്രീനിയുടെ പ്രകടനം കണ്ട് മോഹന്‍ലാല്‍ അടക്കം എല്ലാവരും ലൊക്കേഷനില്‍ തന്നെ നന്നായി ചിരിച്ചു. ശ്രീനി ജീപ്പില്‍ നിന്ന് ചാടിയിറങ്ങുന്ന സീനില്‍ ഒന്നിച്ച് ലാലുമുണ്ട്.
ശ്രീനിയുടെ പ്രകടനം കണ്ട് ലാല്‍ മുഖത്ത് കുട പൊത്തി ചിരിച്ചു. ‘സത്യേട്ടാ, ഞാന്‍ ചിരിച്ചു പോയി. പക്ഷേ അത് സ്‌ക്രീനില്‍ കാണില്ല. ഡബ്ബ് ചെയ്യുമ്പോള്‍ ശരിയാക്കിക്കൊള്ളാം’ എന്നായിരുന്നു ലാല്‍ അന്ന് പറഞ്ഞത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Sathyan Anthikkad Talks About Sreenivasan And Mohanlal