മലയാള പ്രേക്ഷകരുടെ ജനപ്രിയ കൂട്ടുകെട്ടാണ് മോഹൻലാൽ – സത്യൻ അന്തിക്കാട്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച ചിത്രങ്ങളാണ് പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത്. പ്രേക്ഷകരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമകളാണ് സത്യൻ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്. ഒരിടവേളക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന സിനിമയാണ് ഹൃദയപൂർവം.
ഇപ്പോൾ മോഹൻലാലിനെ കുറച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. തനിക്ക് അഭിനയിപ്പിച്ചിട്ട് കൊതിതീർന്നിട്ടില്ലാത്ത നടനാണ് മോഹൻലാൽ എന്ന് സത്യൻ അന്തിക്കാട് പറയുന്നു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഭിനയിപ്പിച്ചിട്ട് കൊതിതീർന്നിട്ടില്ലാത്ത നടനാണ് ഇന്നും എനിക്ക് മോഹൻലാൽ. അതിപ്പോൾ പഴയ മോഹൻലാലാണോ പുതിയ മോഹൻലാലാണോ എന്നുള്ളതല്ല. നാടോടിക്കാറ്റിലെ മോഹൻലാലിനെ ഇന്നത്തെ മോഹൻലാലിലൂടെ റീപ്ലേസ് ചെയ്യാൻ പറ്റില്ല.
രൂപത്തിലും പ്രായത്തിലും ഒക്കെയുണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ടു തന്നെ മോഹൻലാലിനെ വെച്ചിട്ടുള്ള ക്യാരക്ടേഴ്സ് ചെയ്യുകയാണെങ്കിൽ ഇതുപോലെതന്നെ ലാലിനെവെച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്. കാരണം മോഹൻലാൽ ബേസിക്കലി അഭിനേതാവാണ്. മോഹൻലാലിനെ ക്യാമറയുടെ മുന്നിൽ നിർത്തിയിട്ട് എനിക്ക് കൊതി തീർന്നിട്ടില്ല. ഇന്നും മോഹൻലാലുമായി സംസാരിക്കുമ്പോഴൊക്കെ ആ ഹ്യൂമറും സാധനങ്ങളുമൊക്കെ ഇപ്പോഴും ലാലിലുണ്ട്.
എന്നുവെച്ചിട്ട് അന്നത്തെ ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ ‘മെ ചെൽത്താഹെ ഹൂം, ഹെ ഹൈ’ എന്ന് പറയിപ്പിച്ചിട്ട് ചെയ്യാൻ പാടില്ല. ഇപ്പോഴത്തെ അവസ്ഥ വെച്ചിട്ട് കഥാപാത്രങ്ങളെ ഉണ്ടാക്കിയാൽ മോഹൻലാലിനെ വെച്ചിട്ട് ഇനിയും രസകരമായ സിനിമകൾ ചെയ്യാൻ പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. എന്നാൽ, തൊഴിലില്ലാത്ത ചെറുപ്പക്കാരൻ, ഒരു പെൺകുട്ടിയുടെ മുന്നിൽ കാൽകുത്തിമറിയുന്നൊരാൾ അങ്ങനെയൊന്നും ഇനി മോഹൻലാലിനെ വെച്ച് ചെയ്യാൻ പറ്റില്ല,’സത്യൻ അന്തിക്കാട് പറയുന്നു.