വിട്ടുപിരിയാന്‍ പറ്റാത്തത്ര ഞാന്‍ ആ നടനുമായി അടുത്തുപോയിരുന്നു; അയാള്‍ പോയപ്പോള്‍ എന്റെ മുന്നില്‍ സിനിമയുടെ ലോകം ശൂന്യമായി: സത്യന്‍ അന്തിക്കാട്
Entertainment
വിട്ടുപിരിയാന്‍ പറ്റാത്തത്ര ഞാന്‍ ആ നടനുമായി അടുത്തുപോയിരുന്നു; അയാള്‍ പോയപ്പോള്‍ എന്റെ മുന്നില്‍ സിനിമയുടെ ലോകം ശൂന്യമായി: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 5:54 pm

മലയാള സിനിമക്ക് ഒട്ടനവധി മികച്ച സിനിമകള്‍ സമ്മാനിച്ച കോംബോ ആയിരുന്നു സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച ഇരുവരും എന്നാല്‍ ഏറെ കാലത്തെ സൗഹൃദത്തിനൊടുവില്‍ പിരിഞ്ഞിരുന്നു. ഇതേ കുറിച്ച് ഇപ്പോള്‍ സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. താന്‍ വിളിക്കുന്ന സമയത്ത് മോഹന്‍ലാല്‍ വരണം എന്ന് താന്‍ നിര്‍ബന്ധം പിടിക്കാന്‍ പാടില്ലായിരുന്നുവെന്നും വിട്ടുപിരിയാന്‍ പറ്റാത്തത്ര ലാലുമായി അടുത്തുപോയിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

മോഹന്‍ലാല്‍ പോയപ്പോള്‍ തന്റെ മുന്നില്‍ ശൂന്യമായ ലോകമായെന്നും ജന്മസിദ്ധമായ വാശിയില്ലെങ്കില്‍ അന്ന് താന്‍ തളര്‍ന്ന് പോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായകനെ സംബന്ധിച്ചിടത്തോളം അഭിനേതാക്കളാണ് കരുവെന്നും തന്റെ കരു നഷ്ടപ്പെട്ടപ്പോഴും താന്‍ മോഹന്‍ലാലിനെ ശപിച്ചില്ലെന്നും സത്യന്‍ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ വിളിക്കുന്ന സമയത്ത് ലാല്‍ വരണം എന്ന് നിര്‍ബന്ധം പിടിക്കരുതായിരുന്നു എന്നെനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. വിട്ടുപിരിയാന്‍ പറ്റാത്തത്ര ലാലുമായി അടുത്തുപോയിരുന്നു ഞാന്‍. അയാള്‍ മാഞ്ഞുപോയപ്പോള്‍ എന്റെ മുന്നില്‍ സിനിമയുടെ ലോകം ശൂന്യമായ വെള്ളത്താള്‍പോലെ കിടന്നു.

പുതിയൊരു ലോകം കെട്ടിപ്പടുക്കേണ്ടതുണ്ട് എന്ന കടുത്ത യാഥാര്‍ഥ്യത്തിന് മുഖാമുഖം നില്‍ക്കുകയായിരുന്നു ഞാന്‍. ജന്മസിദ്ധമായ വാശിയില്ലെങ്കില്‍ അന്ന് ഞാന്‍ തളര്‍ന്നുപോവുമായിരുന്നു.

കാരണം, അഭിനേതാക്കളാണ് സംവിധായകന്റെ കരു. എന്റെ കരു നഷ്ടപ്പെട്ടുപോയിരുന്നു. എന്നാല്‍, അപ്പോഴൊന്നും ഞാന്‍ ലാലിനെ ശപിച്ചിരുന്നില്ല. അയാളെ ഓര്‍ത്ത് ഞാന്‍ മനസില്‍ കരഞ്ഞിരുന്നു,’ സത്യന്‍ അന്തിക്കാട് പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വം. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

Content Highlight: Sathyan Anthikkad Talks About Mohanlal