'ഇവനൊരു സൂപ്പർസ്റ്റാറായാൽ നമ്മൾ രക്ഷപ്പെട്ടില്ലേ' എന്ന് പ്രിയൻ; നോക്കിയിരിക്കെ ആ നടൻ സൂപ്പർ സ്റ്റാറായി: സത്യൻ അന്തിക്കാട്
Entertainment
'ഇവനൊരു സൂപ്പർസ്റ്റാറായാൽ നമ്മൾ രക്ഷപ്പെട്ടില്ലേ' എന്ന് പ്രിയൻ; നോക്കിയിരിക്കെ ആ നടൻ സൂപ്പർ സ്റ്റാറായി: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th May 2025, 10:18 pm

വര്‍ഷങ്ങളായി മലയാളികള്‍ സ്നേഹത്തോടെയും പ്രതീക്ഷയോടെയും കാണുന്ന കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാടിന്റേത്. കുറുക്കന്റെ കല്ല്യാണം മുതല്‍ ഇപ്പോഴിതാ പുറത്തിറങ്ങാന്‍ പോകുന്ന ഹൃദയപൂര്‍വ്വം വരെ നീളുന്നു ആ കൂട്ടുകെട്ട്.

ഒരുകാലത്ത് മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ എന്നുപറഞ്ഞാല്‍ തിയേറ്ററില്‍ ആള് നിറയുമായിരുന്നു. അതിലേക്ക് ശ്രീനിവാസവനും കൂടി കടന്നുവന്നപ്പോള്‍ ബോക്‌സ് ഓഫീസ് വിജയം ആവര്‍ത്തിച്ചു. ഇപ്പോൾ മോഹൻലാലിനെപ്പറ്റി സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്.

മോഹൻലാലൊരു സൂപ്പർസ്റ്റാറായാൽ തങ്ങൾ രക്ഷപെടില്ലേ എന്നും എപ്പോൾ വേണമെങ്കിലും പടം ചെയ്യാമല്ലോ എന്നും പ്രിയദർശൻ ചോദിച്ചെന്നും അന്ന് മോഹൻലാൽ താരപദവിയിലെത്തിയിട്ടില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു. പിന്നീട് മോഹൻലാൽ സൂപ്പർസ്റ്റാറായെന്നും മലയാള സിനിമയുടെ ശ്രദ്ധ മുഴുവൻ മോഹൻലാലിലേക്ക് തിരിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാൻ എഴുത്തുകാരും സംവിധായകരും മത്സരിച്ചുവെന്നും താനാഗ്രഹിക്കുന്ന ദിവസങ്ങൾ ഷൂട്ടിങ്ങിനായി നൽകാൻ മോഹൻലാലിന് കഴിയാതെ വന്നെന്നും സത്യൻ അന്തിക്കാട് പറയുന്നു. പിന്നീട് താൻ ശ്രീനിവാസനോട് മോഹൻലാലില്ലാതെ സിനിമ ചെയ്യാമെന്ന് പറഞ്ഞുവെന്നും നിശ്ശബ്ദമായ ഒരു പിൻവാങ്ങലായിരുന്നുവെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

‘എൺപതുകളുടെ ആദ്യപകുതിയാണ്. ലാൽ അന്ന് താരപദവിയിലേക്കെത്തിയിട്ടില്ല. ഒരുദിവസം മദ്രാസിലെ ന്യൂവുഡ്‌ലാന്റ്റ്സ് ഹോട്ടലിൽ ഞാനും ശ്രീനിവാസനും താമസിക്കുന്ന മുറിയിൽ വെച്ച് ലാലിന്റെ തോളിൽ കൈയിട്ട് പ്രിയൻ പറഞ്ഞു ‘ഇവനൊരു സൂപ്പർസ്റ്റാറായാൽ നമ്മൾ രക്ഷപ്പെട്ടില്ലേ സത്യാ. പിന്നെ താരത്തിന്റെ ഡേറ്റും റേറ്റുമൊന്നും പ്രശ്നമല്ലല്ലോ. എപ്പോൾ വേണമെങ്കിലും പടം ചെയ്യാം’ എന്ന്.

നോക്കിയിരിക്കെ മോഹൻലാൽ സൂപ്പർ സ്റ്റാറായി. താരം മാത്രമല്ല; അതിശയിപ്പിക്കുന്ന അഭിനേതാവും. മലയാള സിനിമയുടെ ശ്രദ്ധ മുഴുവൻ മോഹൻലാൽ എന്ന യുവ പ്രതിഭയിലേക്ക് തിരിഞ്ഞു. ലാലിനെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാൻ എഴുത്തുകാരും സംവിധായകരും മത്സരിച്ചു.

വലിയ നിർമാതാക്കളുടെ സൗഹൃദവലയത്തിനു നടുവിലായി മോഹൻലാൽ. സ്വാഭാവികമായും ഒരു സ്വാർത്ഥചിന്ത എന്റെ മനസിൽ രൂപപ്പെട്ടിട്ടുണ്ടാകും. ഞാനാഗ്രഹിക്കുന്ന ദിവസങ്ങൾ ഷൂട്ടിങ്ങിനായി നൽകാൻ ലാലിന് കഴിയാതെ വന്നു. ഡേറ്റുകൾ പലതും മാറി. എൻ്റെ സിനിമ എന്ന് തുടങ്ങുമെന്ന് എനിക്കുപോലും പറയാൻ പറ്റാത്ത അവസ്ഥ. ഞാൻ ശ്രീനിവാസനോടു പറഞ്ഞു ‘നമുക്ക് മോഹൻലാൽ ഇല്ലാത്ത കഥകൾ ആലോചിക്കാം’ എന്ന്.

നിശ്ശബ്ദമായ ഒരു പിൻവാങ്ങലായിരുന്നു അത്. സൗഹൃദം ഒരു ശല്യമായി മാറാൻ പാടില്ലല്ലോ. ഡേറ്റുചോദിച്ച് ലാലിനെ ബുദ്ധിമുട്ടിക്കണ്ട എന്നങ്ങു തീരുമാനിച്ചു,’ സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talking about Mohanlal and Their Friendship